കെട്ടിട ഉടമകളുടെ കീശ ചോർത്താൻ തീ നികുതി വരുന്നു
text_fieldsതിരുവനന്തപുരം: അഗ്നിശമനസേനയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കെട്ടിട നികുതി നൽകുന്നവരിൽനിന്ന് ഫയർ ടാക്സ് പിരിക്കാൻ നിർദേശം. പുതിയ കേരള ഫയർ ആൻഡ് െറസ്ക്യൂ സർവിസസ് ബില്ലിലാണ് അഗ്നിശമന സേനയുടെ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) ആവശ്യമുള്ളവരിൽനിന്ന് കെട്ടിടനികുതിയുടെ മൂന്നുശതമാനത്തിൽ കുറയാത്ത തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീ നികുതിയായി പിരിക്കണമെന്ന നിർദേശമുള്ളത്. നിലവിൽ കെട്ടിടനിർമാണത്തിന് അഗ്നിശമനസേന വകുപ്പിെൻറ എൻ.ഒ.സി ആവശ്യമില്ലാത്തവക്ക് നികുതി നൽകേണ്ടതില്ല. ഇതുസംബന്ധിച്ച കരട് ബില്ല് അഗ്നിശമനസേന മേധാവി ടോമിൻ ജെ. തച്ചങ്കരി ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസിന് കൈമാറി. നിയമവകുപ്പിെൻറ അംഗീകാരത്തോടുകൂടി ജനുവരിയിൽ ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് വിവരം.
തീപിടിത്തമുണ്ടായാൽ സേനയുടെ പ്രവർത്തനങ്ങളെല്ലാം സൗജന്യമായിരിക്കും. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള വെള്ളം, വാഹനം തുടങ്ങിയവ തീപിടിത്തമുണ്ടായാൽ അഗ്നിശമന സേനക്ക് ഉപയോഗിക്കാം. ജല അതോറിറ്റിയും കോർപറേഷനും ഇവ സൗജന്യമായി നൽകാനും നിയമം മൂലം വ്യവസ്ഥ ചെയ്യും. ഫയർ സേഫ്റ്റി ക്ലിയറൻസ് രണ്ടുവർഷമാക്കി മാറ്റിയിട്ടുണ്ട്. 100 മുറിയിൽ കൂടുതലുള്ള ഹോട്ടലുകൾ, 1000 പേരിൽ കൂടുതൽ ഇരിക്കാൻ കഴിയുന്ന സിനിമ തിയറ്ററുകൾ, 50 മീറ്ററിലേറെ ഉയരമുള്ള കെട്ടിടങ്ങൾ തുടങ്ങിയവക്ക് ഒരു അഗ്നി ശമന ഉദ്യോഗസ്ഥനെ സ്ഥിരമായി കെട്ടിട ഉടമതന്നെ നിയോഗിക്കണം. തീ തടയൽ സംഘം രൂപവത്കരിക്കണമെന്ന ശിപാർശയും ബില്ലിലുണ്ട്. കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അഗ്നിശമനസേനയിൽനിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീ തടയൽ സംഘം വേണമെന്ന ആവശ്യം മുന്നോട്ടുെവച്ചിരിക്കുന്നത്.
തീപിടിത്തമോ ദുരന്തമോ ഉണ്ടായെന്ന വ്യാജസന്ദേശം നൽകുന്നവർക്കെതിരെ മൂന്നുമാസം തടവും 10,000 രൂപ പിഴയും ബിൽ നിർദേശിക്കുന്നു. മതിലുകളും കെട്ടിടങ്ങളും തീ അണക്കുന്നതിന് തടസ്സമായി നിൽക്കുന്നുണ്ടെങ്കിൽ അത് നീക്കാം. നഷ്ടപരിഹാരം സർക്കാർ നൽകും. സുരക്ഷമാനദണ്ഡം പാലിക്കാത്തവർക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും ലഭിക്കും. 1962ലെ നിയമമാണ് നിലവിലുള്ളത്. തെലുങ്കാന, ആന്ധ്ര, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ സുരക്ഷ സംവിധാനങ്ങൾ പഠിച്ചശേഷമാണ് കേരള ഫയർ ആൻഡ് െറസ്ക്യൂ സർവിസസ് ബില്ല് 2017 തയാറാക്കിയിരിക്കുന്നത്.
ബില്ലിലെ പ്രധാന നിർദേശങ്ങൾ
•തീ നികുതി കെട്ടിട നികുതിയുടെ മൂന്നു ശതമാനം വരെയാകാം
•തീപിടിത്തമുണ്ടായാൽ സ്വകാര്യ വ്യക്തിയുടെ വെള്ളം, വാഹനം തുടങ്ങിയവ അഗ്നിശമന സേനക്ക് ഉപയോഗിക്കാം.
•വലിയ കെട്ടിടങ്ങൾക്ക് സ്വന്തം അഗ്നി ശമന ഉദ്യോഗസ്ഥനും തീ തടയൽ സംഘവും വേണം
•വ്യാജ സന്ദേശം നൽകുന്നവർക്ക് തടവും പിഴയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
