ചാല ആര്യശാലയില്‍ തീപിടിത്തം; അഞ്ച് കടകള്‍ പൂര്‍ണമായി കത്തിനശിച്ചു
text_fieldsതിരുവനന്തപുരം: ചാല ആര്യശാലയില്‍ തീപിടിത്തത്തിൽ അഞ്ച് കടകള്‍ പൂര്‍ണമായി കത്തിനശിച്ചു. സ്ഥാപനങ്ങള്‍ക്ക് സമീപമുണ്ടായിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങൾ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീ കൂടുതല്‍ കടകളിലേക്ക് പടരുന്നത് തടയാനായതിനാൽ വൻ ദുരന്തം ഒഴിവായി.
വൈകീട്ട് അഞ്ചോടെ ചാല ആര്യശാല ക്ഷേത്രത്തിനു സമീപമാണ് തീപിടിത്തം. ശിവകുമാര്‍ കെമിക്കല്‍സ് എന്ന സ്ഥാപനത്തിൽനിന്നാണ് തീ ഉയർന്നത്. പിന്നീട്, സമീപത്തെ ശ്രീകണ്‌ഠേശ്വര പവര്‍ ടൂള്‍സ്, ശ്രീകൃഷ്ണ ഇലക്ട്രിക്കല്‍സ്, തായി ട്രേഡേഴ്‌സ്, പവര്‍ടൂള്‍സ് അറ്റകുറ്റപ്പണി നടത്തുന്ന കട എന്നിവിടങ്ങളിലേക്ക് തീ പടർന്നു.
ഇടുങ്ങിയ വഴിക്കുള്ളിലെ സ്ഥാപനത്തിലേക്ക് തീപടര്‍ന്നതോടെ കടയിലുണ്ടായിരുന്നവരും ജീവനക്കാരും പരിഭ്രാന്തരായി ഓടി. ചുമട്ടുതൊഴിലാളികളും വ്യാപാരികളും ചേര്‍ന്ന് ആദ്യം തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും രാസപദാര്‍ഥങ്ങളും സിന്തറ്റിക് സാധനങ്ങളുമായതിനാല്‍ ആളിപ്പടർന്നു.
രാസവസ്തുക്കൾ വില്‍ക്കുന്ന സ്ഥാപനത്തിലെ ബ്ലീച്ചിങ് പൗഡറില്‍നിന്നാണ് തീ കത്തിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ച സ്ഥാപനത്തിലേക്ക് ഒരു ലോഡ് ബ്ലീച്ചിങ് പൗഡര്‍ വന്നിരുന്നു. തീപിടിച്ച കെട്ടിടത്തിലാണ് രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗൺ. ബ്ലീച്ചിങ് പൗഡര്‍ ഗുണനിലവാരമില്ലാത്തതിനാല്‍ മാറ്റിയിട്ടതായിരുന്നു. തൊട്ടടുത്ത പവര്‍ ടൂള്‍സ് കടയിലേക്കും സമീപത്തെ ഓടിട്ട കെട്ടിടത്തിലേക്കും തീ പടര്‍ന്നു. സിന്തറ്റിക് ഡോറുകളടക്കം പ്ലാസ്റ്റിക് സാധനങ്ങളായിരുന്നു ഈ കെട്ടിടത്തിൽ. മുകൾ നിലയിൽ ഇവരുടെ ഗോഡൗണുമുണ്ട്.
ചെങ്കല്‍ച്ചൂള, ചാക്ക, വിഴിഞ്ഞം തുടങ്ങിയ സ്‌റ്റേഷനുകളില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി രണ്ട് മണിക്കൂറെടുത്താണ് തീയണച്ചത്. ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ കടന്നുവരാന്‍ ബുദ്ധിമുട്ടി. പൊലീസ് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്‌സ് വാഹനങ്ങൾ കടത്തിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

