‘വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തി’; പൂരം കലക്കലിലെ എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത്
text_fieldsതൃശൂർ: പൂരം കലങ്ങിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിർദേശ പ്രകാരം തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ വിവരങ്ങൾ പുറത്ത്. പൂരാഘോഷം തടസപ്പെടുത്താൻ മനഃപൂർവം ശ്രമമുണ്ടായെന്നും ഒരു വിഭാഗത്തിന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ.സി ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പൂരം കലക്കിയത് അന്വേഷിക്കുന്ന എ.ഡി.ജി.പി വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിൽ പറയുന്നു.
പൂരം കലക്കൽ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നേരത്തെ അന്വേഷണ ചുമതല ഏൽപിച്ചിരുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാത്തത് അന്വേഷണത്തിന് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിന് അനുസൃതമായാകും പ്രതിപ്പട്ടികയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുക.
പൂരം കലക്കിയ സംഭവത്തിൽ ത്രിതല അന്വേഷണമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എ.ഡി.ജി എം.ആർ അജിത് കുമാർ നൽകിയത്. എന്നാൽ, എ.ഡി.ജി.പിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡി.ജി.പി നൽകിയത്. ഇത് വലിയ വിമർശനത്തിനാണ് വഴിവെച്ചത്.
പൂരം കലങ്ങിയില്ലെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തത്. എഫ്.ഐ.ആറിൽ ആരുടെയും പേരില്ലാതെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

