Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിക്കെതിരെ എഫ്.ഐ.ആർ; വിശദ വാദത്തിന് മാറ്റി ഹൈകോടതി

text_fields
bookmark_border
റിപ്പോർട്ടിന്‍റെ പകർപ്പ് മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ഇ.ഡിക്ക് നിർദേശം
Opposition Leader Pinarayi Vijayan criticizing the UDF government over the high-level meeting convened with Lokayukta judges
cancel

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടററേറ്റ് (ഇ.ഡി) സർക്കാറിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ നേരിട്ട് കേസെടുക്കണമോ എന്ന കാര്യത്തിലെ നിയമപ്രശ്നത്തിൽ ഹൈകോടതി വിശദ വാദം കേട്ട് തീരുമാനമെടുക്കും. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കൈമാറിയ റിപ്പോർട്ടിന്‍റെ പകർപ്പ് മുദ്രവെച്ച കവറിൽ ഹാജരാക്കാൻ ഇ.ഡിക്ക് നിർദേശം നൽകിയ ജസ്റ്റിസ് എ. ബദറുദ്ദീൻ, നിയമപ്രശ്നത്തിൽ വിശദ വാദം കേൾക്കാൻ ഹരജി മാറ്റി.

ഇ.ഡി റിപ്പോർട്ടിലെ നിർദേശപ്രകാരം പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം (പി.എം.എൽ.എ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യം ചെയ്ത് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത് വീണ്ടും 29ന് പരിഗണിക്കും.

പി.എം.എൽ.എയിലെ 66(2) വകുപ്പ് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിർബന്ധമായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിലപാടാണ് കോടതിയിൽ ഇ.ഡി സ്വീകരിച്ചത്. എസ്.എഫ്.ഐ.ഒ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി നടത്തിയ അന്വേഷണത്തിൽ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാനുള്ള വസ്തുതകളുണ്ടെന്ന് കണ്ടെത്തിയതായി ഇ.ഡി അഭിഭാഷകൻ ജയശങ്കർ വി. നായർ ചൂണ്ടിക്കാട്ടി. 2025ൽ തന്നെ ഇക്കാര്യത്തിൽ പൊലീസിന് കത്ത് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും കത്ത് നൽകുകയാണ് ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും 2025ൽ ഇതുസംബന്ധിച്ച് സുപ്രീംകോടതി ഉത്തവുണ്ടെന്നും ഇ.ഡി വാദിച്ചു.

എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാറിന് വിവേചനാധികാരമുണ്ടെന്നും ഹരജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ജാജു ബാബുവിന്‍റെ വാദം. പൊതുതാൽപര്യ ഹരജിയായി വേണം ഇത് സമർപ്പിക്കാൻ. അല്ലാത്തപക്ഷം ഇ.ഡിയാണ് ഇക്കാര്യത്തിൽ കോടതിയെ സമീപിക്കേണ്ടത്. ഇ.ഡി റിപ്പോർട്ടിന്‍റെയും അതിൻമേലുള്ള നിയമോപദേശത്തിന്‍റെയും അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് തീരുമാനിച്ചതെന്നും എ.ജി വ്യക്തമാക്കി.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമികാന്വേഷണത്തിന് വിട്ടത് തെറ്റാണെന്നാണ് ഹരജിക്കാരന്‍റെ വാദം. എന്നാൽ, നിങ്ങൾ ഇ.ഡി റിപ്പോർട്ട് കണ്ടോയെന്ന് കോടതി ആരാഞ്ഞു. മതിയായ തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നല്ലേ സുപ്രീംകോടതി ഉത്തരവെന്നും കോടതി ചോദിച്ചു.

തുടർന്നാണ് വിഷയം ഗൗരവമുള്ളതായതിനാൽ നിയമ പ്രശ്നം വിശദമായി പരിശോധിക്കണമെന്ന് വ്യക്തമാക്കി ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റിയത്.

മാസപ്പടി കേസ് സി.പി.എമ്മിനെ തകർക്കാൻ -പിണറായി

ആലപ്പുഴ: രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മാസപ്പടി കേസ് എൽ.ഡി.എഫിനെയും സി.പി.എമ്മിനെയും തകർക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക്‌സാലോജിക് എന്നത് ഒരു കമ്പനി. സി.എം.ആർ.എല്‍ മറ്റൊരു കമ്പനി. അവർ തമ്മില്‍ കരാറുണ്ടാക്കുന്നു. ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തിന് നിയമപ്രകാരം നല്‍കുന്ന സേവനം. അതിന് നിയമപ്രകാരം ലഭിച്ച പ്രതിഫലം. അതെല്ലാം കണക്കിലുണ്ട്. അതിന്റെ എല്ലാ നികുതികളും അടക്കുകയും ചെയ്തു. അതിനെന്താണ് കുറ്റം?. എക്‌സാലോജിക്കിന്റെ ഉടമ, അത് നടത്തുന്നയാള്‍, സ്വാഭാവികമായി ഒരു മകനോ മകളോ ആയിരിക്കും. അപ്പോള്‍ ‘നിന്നെയല്ല; നിന്റെ അച്ഛനെ നോക്കുന്നു’ എന്ന മട്ടിലാണ് ഇ.ഡി നീക്കം. അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ. ആദ്യമായിട്ട് കാണുന്നതാണോ ഇതൊക്കെ. ആദ്യമായിട്ടല്ലല്ലോ ഇതൊന്നും’’-പിണറായി പറഞ്ഞു.

മകൾ വീണയുടെ വിവാഹം നടന്ന് എത്രയോ വർഷങ്ങൾക്ക് മുമ്പാണ് സി.എം.ആർ.എല്ലുമായി കരാറുണ്ടാക്കിയത്. അതിന്റെ പണം മുഴുവന്‍ വാങ്ങിത്തീര്‍ന്നു. ഭാവിയിൽ ഇങ്ങനെയൊരു ഭർത്താവ് വരുമെന്ന് മുൻകൂട്ടി കണക്കുകൂട്ടിയെന്ന തരത്തിലുള്ള അസംബന്ധ വർത്തമാനങ്ങളാണ് പ്രചരിപ്പിക്കുന്നത്.

സ്വീകരിച്ച പണം എവിടെയും കാണാനില്ലെന്ന് പറഞ്ഞാൽ അത് കുറ്റമാണ്. ഇവിടെ അങ്ങനെയൊരു കുറ്റമില്ല. കണക്കിലുള്ള പണത്തിന് നിയമപരമായ നികുതി അടച്ചിട്ടുണ്ട്. ഇതിനുപിന്നിൽ ആർ.എസ്.എസും ബി.ജെ.പിയുമാണ്. ഈ നീക്കത്തിനൊപ്പം യു.ഡി.എഫും ചേരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാർ നടത്തുന്ന നീക്കങ്ങളെ ശക്തമായി തുറന്നുകാട്ടി പ്രതിരോധിക്കും-അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - FIR against Pinarayi; High Court posts for detailed arguments
Next Story