മുൻ ചീഫ് സെക്രട്ടറി അധിക വേതനം കൈപ്പറ്റിയെന്ന് കണ്ടെത്തൽ
text_fieldsവി.പി. ജോയ്
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് വിരമിച്ച ശേഷം വഹിക്കുന്ന പദവിയിൽ അധിക വേതനം നൽകിയെന്ന് അക്കൗണ്ടന്റ് ജനറൽ. 2024 ജൂൺ വരെ ഒരു വർഷം 19.37 ലക്ഷം രൂപ അധികം നൽകിയെന്നും ഇത് സര്‍വിസ് ചട്ട ലംഘനമാണെന്നുമാണ് പൊതുഭരണവകുപ്പിൽ അക്കൗണ്ടന്റ് ജനറൽ ഓഫിസ് നടത്തിയ പരിശോധനയിൽ കണ്ടത്.
കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായപ്പോൾ തന്നെ ജോയിക്ക് പുതിയ പദവിയിൽ ഉയർന്ന ശമ്പളത്തിന് ചട്ടത്തിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതാണ് ക്രമവിരുദ്ധമായി കണ്ടെത്തിയത്. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് 2023 ജൂൺ 30നാണ് വി.പി. ജോയ് വിരമിച്ചത്. പുനർനിയമനം നൽകുമ്പോൾ പെന്‍ഷനും പുതിയ ശമ്പളവും ചേർന്ന തുക സർവിസിൽ അവസാന മാസം വാങ്ങിയ ശമ്പളത്തെക്കാൾ കുറവാകണമെന്നാണ് ചട്ടം. വി.പി. ജോയിയുടെ കാര്യത്തിൽ ഇത് പാലിച്ചില്ല.
പുതിയ പദവിയിൽ അലവൻസുകൾക്ക് പുറമെ, 2.25 ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളം. പ്രതിമാസം 1,12,500 രൂപ പെൻഷനും ലഭിക്കുന്നു. പുനർനിയമനം നൽകുന്നവർക്ക് ക്ഷാമാശ്വാസത്തിന് അർഹതയില്ലെന്നിരിക്കെ, പ്രതിമാസം 51,750 രൂപ വീതം ക്ഷാമാശ്വാസം തുടക്കത്തിലും 56,250 രൂപ വീതം പിന്നീടും കൈപ്പറ്റി. ഇത് പെൻഷനൊപ്പം വാങ്ങുന്ന ക്ഷാമബത്തക്ക് പുറമെയാണ്. ഇങ്ങനെ 2023 ജൂൺ മുതൽ 2024 ജൂൺ വരെ 19. 37 ലക്ഷം രൂപ അധിക ശമ്പളവും അനുകൂല്യവുമായി വാങ്ങിയെന്നാണ് കണ്ടെത്തൽ. നിയമാനുസൃത വേതനം മാത്രമാണ് വാങ്ങുന്നതെന്ന് വി.പി. ജോയ് പ്രതികരിച്ചു. അധിക വേതനം വാങ്ങിയെങ്കിൽ തിരിച്ചുപിടിച്ചോട്ടെ -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.