സാമ്പത്തികവർഷം: 1.75 ലക്ഷം കോടി കടന്ന് പദ്ധതി ചെലവഴിക്കൽ; മികച്ച പ്രകടനമെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനിടെയിലും ഈ സാമ്പത്തിക വർഷത്തെ ചെലവ് 1.75 ലക്ഷം കോടി കവിഞ്ഞുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അവസാന പ്രവർത്തിദിവസമായ മാർച്ച് 29 വരെയുള്ള കണക്കുകൾ വിലയിരുത്തിയശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ മുന്നോട്ടുപോകാനായി.
മാർച്ചിൽ മാത്രം 26000 കോടി രൂപയാണ് ചെലവഴിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ചെലവാണിത്. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ ശരാശരി 1.60 ലക്ഷം കോടിയായിരുന്നു ശരാശരി ചെലവ്. അതിന് മുമ്പുള്ള മുൻവർഷങ്ങളിൽ 1.15 ലക്ഷം മുതൽ 1.17 ലക്ഷം വരെയും. ഇതുമായെല്ലാം താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട നിലയാണ് 2024-25 സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്.
കേന്ദ്രത്തിന്റെ വെട്ടിക്കുറയ്ക്കലുകളില്ലായിരുന്നെങ്കിൽ വാർഷിക ചെലവ് 2.25 ലക്ഷം കോടിയായിരുന്നു. എന്തായാലും വരുന്ന വർഷം ചെലവ് രണ്ട് ലക്ഷം കോടി കവിയും. പ്രാഥമിക കണക്കുകൾ പ്രകാരം തദ്ദേശ പ്ലാനും സംസ്ഥാന പ്ലാനും ഉൾപ്പെടുന്ന സംസ്ഥാനത്തെ ആകെ പദ്ധതി ചെലവ് 92.32 ശതമാനമാണ്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഇത് 28,039 കോടി കടന്നു. ഇതിൽ സംസ്ഥാന പ്ലാനിലെ ചെലവഴിക്കൽ 85.66 ശതമാനമാണ് (18,705.68 കോടി).
തദ്ദേശ പദ്ധതികളിലെ ചെലവഴിക്കൽ 110 ശതമാനവും (9333.03 കോടി രൂപ). കേന്ദ്രസഹായത്തോടെ പദ്ധതികളിൽ വേണ്ടത്ര മുന്നോട്ടുപോകാനായില്ല. 50 ശതമാനത്തിൽ താഴെയാണിത്. ട്രഷറികളിൽ നിന്നുള്ള ചെലവഴിക്കലിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്നും അതേസമയം ആസൂത്രണ വകുപ്പിന്റെ ‘പ്ലാൻ സ്പെയിസിൽ’ കണക്കുകൾ കുറവായാണ് കാണിക്കുന്നതെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ധനമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കഴിഞ്ഞവർഷം (2023 - 24) സംസ്ഥാന പദ്ധതി ചെലവ് 80.52 ശതമാനമായിരുന്നു. തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 84.7 ശതമാനവും. 2022-23ൽ സംസ്ഥാന പദ്ധതി ചെലവ് 81.8 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതി ചെലവ് 101.41 ശതമാനവുമായിരുന്നു.
തനത് നികുതി വരുമാനം 84,000 കോടി കടക്കും
തനത് നികുതി വരുമാനം 84,000 കോടി കടക്കുമെന്നാണ് സൂചന. പുതുക്കിയ അടങ്കലിൽ തനത് നികുതി 81,627 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. നികുതിയേതര വരുമാനം മാർച്ച് 27 വരെയുള്ള അനുമാനകണക്കിൽ 15,632 കോടിയായി. അന്തിമ കണക്കിൽ ഇനിയും ഉയരും. പ്രതിസന്ധിയുണ്ടാക്കാനായി കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടും ഇതൊന്നും പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിട്ടില്ല.
സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ചുശതമാനം വരെ കടമെടുക്കാൻ അനുവാദമുണ്ടായിരുന്ന് മൂന്ന് ശതമാനമായി കുറഞ്ഞു. 12000 കോടിയായിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം 2022 ഓടെ അവസാനിച്ചു. കിഫ്ബിയുടെ പേരിലെ വെട്ടക്കുറവിലൂടെ 12000 കോടിയാണ് നഷ്ടമുണ്ടായത്. ഇതിനിടയിലാണ് വാർഷിക ചെലവ് വർധിപ്പിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

