പൊലീസിലും കള്ളന്മാർ; കള്ളക്കണക്കെഴുതി ലക്ഷങ്ങൾ തട്ടി
text_fieldsതിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷനിൽ (ടെലികമ്യൂണിക്കേഷൻ) ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച വകുപ്പ്തല ഓഡിറ്റ് കമ്മിറ്റിയാണ് സംഘടനയുടെ വരവ്, ചെലവ് കണക്കിൽ തിരിമറി കണ്ടെത്തിയത്. പല രേഖകളും കൃത്രിമമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് റിപ്പോർട്ട് ടെലികമ്യൂണിക്കേഷൻ എസ്.പി ജെ. ജയനാഥ് ഡി.ജി.പി ലോക്നാഥ് െബഹ്റക്ക് കൈമാറി.
2010-14 വരെ അസോസിയേഷൻ രേഖകളിൽ തട്ടിപ്പ് കണ്ടതിനെ തുടർന്ന് 2017 ജൂൺ രണ്ടിനാണ് ഡി.ജി.പി നാലംഗ ഓഡിറ്റ് സമിതിക്ക് രൂപം നൽകിയത്. 800 ഓളം പൊലീസുകാരാണ് അസോസിയേഷനിലുള്ളത്. സംഘടനാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന തുകക്ക് കൃത്യമായ വൗച്ചറും ബില്ലും ഉണ്ടാകണമെന്നാണ് ചട്ടമെങ്കിലും കേരള പൊലീസ് അസോസിയേഷൻ (ടെലി) മുൻ സെക്രട്ടറി എസ്. വിനയകുമാർ നൽകിയ 2010-11 മുതൽ 2013-14 വരെയുള്ള രേഖകളിൽ പൊരുത്തക്കേടുള്ളതായും മിക്കതും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും റിപ്പോർട്ടിൽ അടിവരയിടുന്നു.
അംഗങ്ങളിൽനിന്ന് പിരിച്ചെടുത്ത തുക കൃത്യമായി ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല. കാഷ് ബുക്കിലെ പല തുകകളും ബാങ്കിൽ നിക്ഷേപിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കി. 2014 മാർച്ച് ഒന്നിന് കാഷ് ബുക്കിൽ 79,335 രൂപ ഉണ്ടെന്ന് രേഖപ്പെടുത്തിയപ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 6005 രൂപയാണ്. ഏപ്രിൽ, േമയ്, ജൂൺ, ജൂലൈ മാസങ്ങളിലും ഇതേരീതിയിൽ തട്ടിപ്പ് നടന്നു. ഓരോ വർഷവും രജിസ്റ്ററിൽ മരിച്ച പൊലീസുകാർക്ക് റീത്ത് വാങ്ങാൻ മാത്രം പതിനായിരങ്ങൾ എഴുതിയെടുത്തിട്ടുണ്ടെങ്കിലും ആർക്ക് വേണ്ടിയാണ് റീത്ത് വാങ്ങിയതെന്നതിന് രേഖയില്ല. വായ്പ അനുവദിച്ചിട്ടുണ്ടെങ്കിലും ആർക്കാണ് നൽകിയതെന്നോ തിരിച്ചടച്ചതായോ രേഖയിലില്ല.
ജില്ലസമ്മേളനങ്ങളിൽ ‘കൂടുതൽ ചെലവായ തുക’ എന്ന് കാണിച്ച് പതിനായിരങ്ങൾ എഴുതിയെടുത്തിട്ടുണ്ടെങ്കിലും കണക്കില്ല. സംസ്ഥാനസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ടെലികമ്യൂണിക്കേഷനിലെ എക്സിക്യൂട്ടിവ് അംഗങ്ങൾ ഹോട്ടലിൽ താമസിച്ചതിന് പതിനായിരങ്ങൾ കൈപ്പറ്റിയെങ്കിലും ബില്ല് നൽകിയിട്ടില്ല.
ക്രമക്കേടുകൾ ഗൗരവമായി കാണേണ്ടതാണെന്നും വരവ് ചെലവ് കണക്ക് എല്ലാ വർഷവും ലോക്കൽ ഫണ്ട് ഓഡിറ്റ് കമ്മിറ്റിയെക്കൊണ്ട് ഒാഡിറ്റ് ചെയ്യിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലികമ്യൂണിക്കേഷൻ ഡിവൈ.എസ്.പി എസ്. അനിൽകുമാർ ചെയർമാനും സി.ഐ എസ്. സുരേഷ്, എസ്.ഐമാരായ ത്രിവിക്രമൻ, ജി. വിനോദ് എന്നിവർ അംഗങ്ങളുമായാണ് ഒാഡിറ്റ് സമിതിക്ക് രൂപം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
