ഒന്നൊന്നര തട്ടിപ്പ്! കോടികൾ തട്ടിയ ധനവ്യവസായ ബാങ്കിൽ നിക്ഷേപകരായി ധനകാര്യ സ്ഥാപനങ്ങളും!
text_fieldsപ്രതികളെ കുറിച്ച് സൂചനയില്ല
•പരാതി സ്വീകരിക്കാൻ പൊലീസിന് പ്രത്യേക കൗണ്ടർ
തൃശൂർ: കോടികളുടെ തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരിൽ തൃശൂരിലെ നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും. 10 ലക്ഷം മുതൽ ഒന്നരക്കോടിയോളം വരെ ഇത്തരത്തിൽ നിക്ഷേപമുണ്ട്. രാഷ്ട്രീയക്കാരടക്കമുള്ളവരുടെ നിക്ഷേപങ്ങളുടെ പട്ടികക്ക് പിന്നാലെയാണ് മറ്റൊരു പട്ടികയായി ധനകാര്യ സ്ഥാപനങ്ങളുടെയും കണക്കുകൾ ലഭിച്ചത്.
തൃശൂർ പോസ്റ്റോഫിസ് റോഡിൽ വർഷങ്ങളുടെ പാരമ്പര്യ അവകാശവാദവുമായി പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കിന്റെ ഉടമ വടൂക്കര സ്വദേശി പി.ഡി. ജോയിയാണ്. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങിയിരുന്നു. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപം സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ജോയിക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ജോയിയുടെ വീടിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം പൊലീസ് തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇരുനൂറോളം പരാതികൾ ഇതിനകം ലഭിച്ചു. പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ സിറ്റി പൊലീസ് സ്പെഷൽ കൗണ്ടർ സജ്ജമാക്കി.
നേരത്തെ കമീഷണർക്കും വിവിധ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കുമായിരുന്നു പരാതികൾ നൽകിയിരുന്നത്. ഇനി പരാതികൾ ഈ കൗണ്ടറിൽ നൽകിയാൽ മതി. പരാതി സ്വീകരിച്ച് രസീതും ലഭിക്കും. കേസ് ക്രൈംബ്രാഞ്ചിന് വിട്ട സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രത്യേകം കൗണ്ടർ സജ്ജമാക്കിയ നടപടി.
പണം നിക്ഷേപിച്ച ധനകാര്യസ്ഥാപനങ്ങളും പരാതി നൽകിയിട്ടുണ്ട്. 20 ശതമാനം വരെ പലിശ വാഗ്ദാനം നൽകിയാണ് ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ ധനവ്യവസായ ബാങ്ക് നടത്തിയതെന്ന് പറയുന്നു. ജില്ലക്ക് പുറത്തുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപവും ഇതിലുണ്ട്.
വ്യക്തികളിൽ ഏറ്റവും ഉയർന്ന നിക്ഷേപം പല്ലിശേരി സ്വദേശിക്കാണ് - 3.05 കോടി രൂപ. തിരുവനന്തപുരവും കണ്ണൂരുമടക്കമുള്ളവരുടെ നിക്ഷേപവുമുണ്ട്. തിരുവനന്തപുരം സ്വദേശിയുടെ രണ്ട് കോടിയും തൃശൂരിൽ തന്നെയുള്ള പത്തിലധികം പേർക്ക് ഒന്നരക്കോടിയോളവുമുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് സൂചനയില്ല. ഇവർ രാജ്യം വിട്ടിരിക്കുമോ എന്ന ആശങ്ക നിക്ഷേപകർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

