സാമ്പത്തിക തിരിമറി: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ജീവനക്കാരനെ പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: സാമ്പത്തിക തിരിമറി നടത്തിയതിന്‍റെ പേരിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ജീവനക്കാരനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. കൊട്ടാരക്കര ഡിവിഷനിൽ എൻജിനീയറുടെ ഓഫിസിലെ അസിസ്റ്റൻറ് ചാർജ്മാൻ എസ്. ശ്യാമിനെയാണ് പിരിച്ചുവിട്ടുകൊണ്ട് മാനേജിങ് ഡയറക്ടർ ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. നിലവിലെ ചെയർമാൻ വി. കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റ ശേഷം നിരവധി പരാതികൾ ശ്യാമിനെതിരായി ഉയർന്നു വന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് വൻ സാമ്പത്തിക തിരിമറി കണ്ടെത്തിയത്.
തിരുവനന്തപുരം അഗ്രോ സൂപ്പർ ബസാറിൽ നേഴ്സറി സെക്ഷന്‍റെ ചുമതല വഹിക്കുമ്പോഴാണ് സാമ്പത്തിക തിരിമറി നടക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയിരുന്നു. തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി ക്രൈംബ്രാഞ്ച് അന്വേഷണത്തിനും അനുമതി നൽകി.
2015 മുതൽ സ്ഥാപനത്തിൽ ഓഡിറ്റിങ് നടത്തിയിരുന്നില്ല. വി. കുഞ്ഞാലി ചെയർമാനായ പുതിയ ഭരണസമിതിയുടെ കീഴിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പിരിച്ചുവിടലിന് മുന്നോടിയായി ശ്യാമിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർക്കാറിന്‍റെ പിന്തുണയോടുകൂടി അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

