സാമ്പത്തിക പ്രതിസന്ധി: തെരഞ്ഞെടുപ്പ് കാലം ലക്ഷ്യമിട്ട് മുണ്ടുമുറുക്കൽ
text_fieldsതിരുവനന്തപുരം: സാമ്പത്തിക നയത്തിൽ കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിനൊപ്പം തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ക്ഷേമ പദ്ധതികൾ മുടങ്ങുന്നത് ഒഴിവാക്കാൻകൂടി ലക്ഷ്യമിട്ടാണ് സർക്കാറിന്റെ മുണ്ടുമുറുക്കൽ നടപടികൾ. സെപ്റ്റംബറിനുശേഷം ക്ഷേമ പെൻഷനുകളും മറ്റ് ക്ഷേമ ആനുകൂല്യങ്ങളും അതത് മാസംതന്നെ വിതരണം ചെയ്യുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പിനെ ബാധിക്കാതെ നോക്കുന്നതിനൊപ്പം കേന്ദ്ര നയങ്ങൾക്കെതിരെ യുദ്ധമുഖം തുറക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
കടപരിധി അടക്കം വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ നിയമനടപടി എടുക്കാനാകുമെന്ന നിയമോപദേശ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. സമാന പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി പിന്നാലേ എത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്രത്തിനെതിരായ പോരാട്ടമായി ഇതിനെ വ്യാഖ്യാനിക്കാൻ രാഷ്ട്രീയമായി കഴിയുകയും ചെയ്യും.
ഡിസംബർവരെ പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ കേന്ദ്രം അനുവദിച്ച 15390 കോടിയിൽ 2890 കോടിയേ ബാക്കിയുള്ളൂ. ജനുവരി- മാർച്ച് മാസങ്ങളിലേക്ക് 5131 കോടി കടമെടുക്കാനാകും. ആദ്യ മാസങ്ങളിൽ നടത്തിയ വൻ കടമെടുപ്പ് പലതും പഴയ കടം തിരിച്ചടയ്ക്കാനും ക്ഷേമ ആനുകൂല്യങ്ങളും ശമ്പളവും വിതരണം ചെയ്യാനുമാണ് വിനിയോഗിച്ചത്.
അതേസമയം അടിയന്തരമായി തീർക്കേണ്ട ബാധ്യതകൾ ഏറെയാണ്. നെൽകർഷകർക്ക് നൽകാൻ 800 കോടിയിലേറെയുണ്ട്. സപ്ലൈകോക്ക് 2000 കോടി. സർക്കാർ ജീവനക്കാർക്ക് അഞ്ചു ഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. 20,000 കോടിയിലേറെ വേണം അത് നൽകാൻ. ക്ഷാമബത്ത കുടിശ്ശിക ഇപ്പോൾ സർക്കാർ പരിഗണിക്കുന്നതേയില്ല.
അഖിലേന്ത്യ സർവിസുകാർക്ക് അത് കൃത്യമായി നൽകുന്നുമുണ്ട്. ക്ഷേമ പെൻഷൻ മൂന്നുമാസം നൽകാനുണ്ട്. ഓണത്തിന് രണ്ടുമാസത്തെ തുക നൽകാനാണ് നീക്കം. സെപ്റ്റംബറിനുശേഷം അതത് മാസംതന്നെ നൽകുന്നതും ആലോചിക്കുന്നു. ജീവനക്കാർക്ക് ഓണത്തിന് നേരത്തേ ശമ്പളം നൽകേണ്ടതില്ലെന്ന നിർദേശമാണ് പരിഗണനയിൽ. ശമ്പള അഡ്വാൻസ് നൽകണമോ എന്നതിൽ ചർച്ച നടക്കുന്നു. ഇതടക്കം ഓണച്ചെലവ് 700 കോടി വരും.
ഇക്കൊല്ലം 28,400 കോടി രൂപയുടെ വരുമാനക്കുറവാണ് കേന്ദ്ര നയംമാറ്റം മൂലം വന്നതെന്നാണ് ധനവകുപ്പ് പറയുന്നത്. റവന്യൂ കമ്മി ഗ്രാന്റിനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ കുറയും. ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയതിനാൽ 10,000 മുതൽ 12,000 കോടിയുടെ വരുമാന നഷ്ടമുണ്ടാകാം.
പൊതുകടമെടുപ്പിൽ നിയമപ്രകാരം അവകാശപ്പെട്ട തുകയിൽ 8000 കോടിയിൽപരം രൂപയുടെ കുറവ് വരുത്തി. ഇതിനുപുറമെ ബജറ്റിന് പുറത്തുള്ള കടമെന്ന പേരിലും കടമെടുപ്പ് നിയന്ത്രിച്ചു. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു.
പ്രതിസന്ധി അതിജീവിക്കാൻ അടിയന്തര സഹായം തേടി
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നുമാസവും സംസ്ഥാനത്ത് നികുതി വരുമാനത്തിൽ വൻ വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ ഇക്കൊല്ലം ഏപ്രിലിൽ 12 ശതമാനവും മേയിൽ 11 ശതമാനവും ജൂണിൽ 26 ശതമാനവും വരുമാനം വർധിച്ചു.
കഴിഞ്ഞ ജൂണിൽ 2160.89 കോടിയായിരുന്നത് ഈ ജൂണിൽ 2725.08 കോടിയായി. ജി.എസ്.ടി ഇതര നികുതിയിൽ ഒരു ശതമാനത്തിന്റെ കുറവ് ആദ്യമാസം വന്നു. പെട്രോൾ-ഡീസൽ, മദ്യം എന്നിവയുടെ വിൽപന കുറയുന്നെന്ന് പറയുന്നുണ്ടെങ്കിലും കണക്കുകളിൽ അതുണ്ടായിട്ടില്ല. വരും മാസങ്ങളിൽ നികുതി വരുമാനം കാര്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ. മഴക്കാലത്ത് വിപണിയിൽ സജീവത കുറവാണ്. ഓണക്കാലത്തോടെ ഇത് മാറും.
ധന പ്രതിസന്ധി അതിജീവിക്കാൻ കേന്ദ്രത്തോട് 15,000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക അനുമതി തേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മന്ത്രി കെ.എൻ. ബാലഗോപാൽ നിവേദനം നൽകിയിട്ടുണ്ട്. സംസ്ഥാന ജി.ഡി.പിയുടെ ഒരു ശതമാനം അധിക കടമെടുപ്പിന് അനുവദിക്കണമെന്നാണ് ആവശ്യം. ഇത് നടന്നാൽ 10,810 കോടി രൂപകൂടി ലഭിക്കും. 3591 കോടി കഴിഞ്ഞവർഷങ്ങളിൽ സംസ്ഥാനത്തിന് അനുവദിച്ച ഗ്രാന്റുകളിലെ കുടിശ്ശികയാണ്.
നഗര തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകമീഷൻ ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ കുടിശ്ശിക 52 കോടി, ആരോഗ്യ മേഖല ഗ്രാന്റിൽ 2021-22ലെ 35.57 കോടി, കഴിഞ്ഞവർഷത്തെ കുടിശ്ശിക 334 കോടി, (ഈയിനത്തിൽമാത്രം കുടിശ്ശിക 371 കോടി). വിധവ, വികലാംഗ പെൻഷൻ ഗുണഭോക്താക്കൾക്ക് കേന്ദ്രം അനുവദിക്കുന്ന ക്ഷേമ പെൻഷൻ വിഹിതത്തിലെ കുടിശ്ശിക 751 കോടി, യു.ജി.സി ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 750 കോടി എന്നിവ ലഭിക്കാനുണ്ട്.മൂലധന നിക്ഷേപത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കേണ്ട 1925 കോടി രൂപയുടെ വായ്പ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

