വയനാടിന് ധനസഹായം, 24,000 കോടി പാക്കേജ്; കേന്ദ്രബജറ്റിൽ കണ്ണുനട്ട് കേരളം
text_fieldsതിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പാക്കേജടക്കം കേന്ദ്രബജറ്റിൽ പ്രതീക്ഷയോടെ, കണ്ണുനട്ട് കേരളം. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ ‘തീവ്രദുരന്ത’മായി പ്രഖ്യാപിക്കണമെന്നത് കഴിഞ്ഞമാസം കേന്ദ്രം അംഗീകരിച്ചു. അനുബന്ധ ആവശ്യങ്ങൾ ബജറ്റിൽ പരിഗണിക്കപ്പെടുമെന്ന സ്വാഭാവിക പ്രതീക്ഷയിലാണ് സർക്കാർ. ദുരന്ത ബാധിതർക്കായി നിർമിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പുകൾക്ക് കേന്ദ്രസഹായം അനിവാര്യമാണ്.
മാന്ദ്യം നേരിടുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളർച്ചനിരക്കിലേക്കെത്തുന്നതിനും ആവശ്യമായ കേന്ദ്രപിന്തുണ, ബജറ്റിന് മുന്നോടിയായി ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളം മുന്നോട്ടുവെച്ചിരുന്നു. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ഇതിലൊന്ന്.
ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും അവസാനിച്ചതും കടമെടുക്കൽ പരിധിയിൽ വന്ന കുറവും നികുതി വരവിലെ ഇടിവും മൂലം സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇത് മുന്നിൽ കണ്ട് അടുത്ത രണ്ടു വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിലെ പ്രത്യേക പാക്കേജാണ് കേരളത്തിന്റെ ആവശ്യം. ജി.എസ്.ടി സമ്പ്രദായം പൂർണസജ്ജമാകുന്നതുവരെ ജി.എസ്.ടി നഷ്ടപരിഹാരം തുടരണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തിന് പ്രത്യേക സഹായം
വിഴിഞ്ഞം തുറമുഖത്തിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് മറ്റൊന്ന്. തുറമുഖത്തേക്കുള്ള റെയിൽപാത, വ്യവസായ ഇടനാഴി, സീ ഫുഡ് പാർക്ക്, തുടങ്ങിയ പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞത്തിന്റെ പൂർണ പ്രയോജനം കിട്ടൂ. അടുത്ത സാമ്പത്തിക വർഷം കേരളത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമാക്കി നിരുപാധികം ഉയർത്തണമെന്നതാണ് മറ്റൊന്ന്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാനവിഹിതം ഉറപ്പാക്കുന്നതിന് കടമെടുക്കേണ്ട സ്ഥിതിയുണ്ട്. ഉത്തരം വായ്പകളെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് ആവശ്യങ്ങൾ
നോർക്കയുടെ പ്രവർത്തനങ്ങൾക്കായി 300 കോടി രൂപ
മുതിർന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് 3940 കോടി
15 വർഷ കാലാവധി പൂർത്തിയാക്കിയ സർക്കാർ വാഹനങ്ങൾക്ക് പകരം വാഹനങ്ങൾ ഉറപ്പാക്കാൻ 800 കോടി രൂപയുടെ പ്രത്യേക പാക്കേജ്
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായുള്ള പദ്ധതികൾക്ക് 4500 കോടി നീക്കിവെക്കണം
മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന പുനർഗേഹം പുനധിവാസ പദ്ധതിക്കായി 186 കോടി
തുറമുഖങ്ങളുടെ നവീകരണത്തിന് 500 കോടി
ആർ.സി.സി വികസനത്തിന് 1293 കോടി
മനുഷ്യ-മൃഗ സംഘർഷം പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി 1000 കോടി രൂപ
റബറിന് താങ്ങുവില ഉറപ്പാക്കാൻ 1000 കോടി രൂപയുടെ വില സ്ഥിരത ഫണ്ട്
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീർക്കാനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും 2000 കോടി രൂപ
സിൽവർലൈൻ, റാപിഡ് ട്രാൻസിറ്റ് പദ്ധതികൾ, അങ്കമാലി-ശബരി, നിലമ്പൂർ-നഞ്ചൻകോട്, തലശ്ശേരി-മൈസൂരു റെയിൽപാതകൾ എന്നിവയെ ബജറ്റിൽ പരിഗണിക്കണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

