ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മകന് സർക്കാർ ജോലി
text_fieldsതിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സർക്കാർ. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ ബിന്ദുവിന്റെ മകന് സർക്കാർ ജോലിയും നൽകും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
മകന്റെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലിയായിരിക്കും നൽകുക. മെഡിക്കൽ കോളജിലുണ്ടായ അപകടത്തിൽ വ്യാപക വിമർശനമുയരുന്നതിനിടെയാണ് ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് സർക്കാർ സഹായം പ്രഖ്യാപിച്ചത്.
മെഡിക്കൽ കോളജിലെ പഴയ കെട്ടിടം തകർന്നുവീണാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൂടുതൽ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചിൽ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.
വീണ ജോർജും വി.എൻ. വാസവനും ബിന്ദുവിന്റെ കുടുംബത്തെ സന്ദർശിക്കാത്തതിലും വലിയ പ്രതിഷേധമുയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും ബിന്ദുവിന്റെ വീട്ടിലെത്തിയത്.
ജൂലൈ മൂന്നിന് രാവിലെ 10.30നായിരുന്നു അപകടം സംഭവിച്ചത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11, 14 വാര്‍ഡുകള്‍ ഉണ്ടായിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്.
തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്.
അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകൾ പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

