കിഫ്ബി കടമെടുപ്പ് ധനവകുപ്പ് സെക്രട്ടറിയും എതിർത്തു
text_fieldsതിരുവനന്തപുരം: കിഫ്ബിയുടെ പരിധിവിട്ട കടമെടുപ്പിൽ മുൻ ധനമന്ത്രിക്ക് പിന്നാലെ അന്നത്തെ ധന വകുപ്പ് സെക്രട്ടറിയും ആശങ്കയും വിയോജിപ്പും രേഖപ്പെടുത്തിയതിന് തെളിവുകൾ പുറത്ത്.
ഒരുഭാഗത്ത് കിഫ്ബിയുടെ കടമെടുപ്പുകൾ സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പിൽ കേന്ദ്രം വരവുവെക്കുകയും, മറുഭാഗത്ത് സംസ്ഥാനത്തിന് ലഭിക്കുന്നതിനേക്കാൾ കൂടിയ പലിശ നിരക്കിൽ കിഫ്ബി കടമെടുക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്ത ഘട്ടത്തിലാണ് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രബീന്ദ്ര കുമാർ അഗർവാൾ വിയോജനക്കുറിപ്പ് എഴുതിയത്. ഫലത്തിൽ ധനവകുപ്പിനെ ഇരുട്ടിൽ നിർത്തിയാണ് കിഫ്ബി മുന്നോട്ടുപോയതെന്ന വിദഗ്ധ സമിതി കണ്ടെത്തലുകളെ അടിവരയിടുന്ന തെളിവുകളാണ് ഒന്നിനുപിറകെ ഒന്നായി പുറത്തുവരുന്നത്.
കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമായതും നിബന്ധനകളില്ലാത്തതുമായ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കിഫ്ബിയുടെ പേരിൽ വെട്ടിക്കുറക്കാൻ അനുവദിക്കുന്നത് ഒരിക്കലും ഉചിതമല്ലെന്നാണ് കുറിപ്പിലുള്ളത്. ‘‘സംസ്ഥാനത്തിന് ലഭ്യമായ വായ്പാ പരിധി പൂർണമായും തീർന്നതും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയതും പതിനഞ്ചാം ധനകമീഷന് കീഴിലുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഗണ്യമായി കുറഞ്ഞതുമായ നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോൾ, ചെലവുകൾ ഒഴിവാക്കുകയും വെട്ടിക്കുറക്കുകയും ചെയ്യാതെ വരുംമാസങ്ങളിൽ മുന്നോട്ടു പോകുന്നത് അത്യന്തം പ്രയാസകരമായിരിക്കും.
കിഫ്ബിയുടെ അധിക കടമെടുപ്പ് അവസാന പാദത്തിലും അടുത്ത സാമ്പത്തിക വർഷത്തിലും സാഹചര്യം കൂടുതൽ വഷളാക്കും..’’ എന്ന് കുറിപ്പിൽ ധനസെക്രട്ടറി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ധനസെക്രട്ടറിയുടെ കുറിപ്പിലെ ഈ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാലും വിയോജിപ്പ് അറിയിച്ചത്.
എന്നാൽ, ധനവകുപ്പിന്റെ ഈ വിയോജിപ്പുകളും ആശങ്കകളുമെല്ലാം മറികടന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ കടമെടുപ്പ് തുടരാൻ തീരുമാനിച്ചു.
കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറക്കാൻ ഇടയാക്കുമെന്നതിനാൽ 2023-24, 2024-25, 2025-26 വർഷങ്ങളിൽ കിഫ്ബിക്ക് പുതിയ വായ്പാ ഗ്യാരന്റികൾ നൽകാൻ ധനവകുപ്പ് വിസമ്മതിച്ചിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സ് മാത്രം അടിസ്ഥാനപ്പെടുത്തി ധനവകുപ്പിന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടു. ചട്ടമനുസരിച്ച് ധനവകുപ്പും ധനമന്ത്രിയും വിയോജിച്ച ഒരു സാമ്പത്തിക വിഷയത്തിൽ ധനവകുപ്പിന്റെ തീരുമാനം മറികടക്കാൻ മന്ത്രിസഭക്ക് മാത്രമേ അധികാരമുള്ളൂ. ഇതൊന്നും പാലിച്ചില്ലെന്നാണ് സുധാപിള്ള അധ്യക്ഷയായ സമിതിയുടെ കണ്ടെത്തൽ.

