നോട്ട് നിരോധനത്തിന് സമാനം; ജി.എസ്.ടി പരിഷ്കാരത്തിൽ സർവത്ര അവ്യക്തതയെന്നും ധനമന്ത്രി
text_fieldsമന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: ജി.എസ്.ടി പരിഷ്കാരം നടപ്പാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും നോട്ട്നിരോധനത്തിന് സമാനമായി ആകെ കലങ്ങി മറിഞ്ഞിരിക്കുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എന്ത് ചെയ്യണമെന്ന് ആർക്കും ധാരണയില്ല. ഒരു ശാസ്ത്രീയതയുമില്ലാതെ കേവല പ്രഖ്യാപനം നടത്തിയാണ് പരിഷ്കാരം നടപ്പാക്കിയത്. പഠിക്കാൻ മതിയായ സംവിധാനങ്ങളും ഉദ്യോഗസ്ഥരുമുണ്ടെങ്കിലും അതിനൊന്നും മുതിർന്നിട്ടില്ല.
ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ വലിയ പ്രഖ്യാപനം എന്നല്ലാതെ ഇതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടില്ല. റീട്ടെയിലേഴ്സ് മാത്രം നാലുകോടിയോളമാണ് ഇന്ത്യയിലുള്ളത്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളിവ് വരേണ്ടത്. കൃത്യമായ പഠനമില്ലാതെയുള്ള പരിഷ്കാരം പ്രയോഗത്തിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. നികുതി കുറക്കുന്ന സമയത്ത് പല കമ്പനികളും ഇതിന്‍റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കില്ല. കേന്ദ്ര മന്ത്രിമാര്‍ ഉൾപ്പെടെ ഈ വിഷയം സമ്മതിച്ചതാണ്. ഏതാനും മാസങ്ങൾ കഴിയുമ്പോൾ വീണ്ടും കാര്യങ്ങൾ പഴയ നിലയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. രണ്ടുമാസം അധികൃതർ ശ്രദ്ധിക്കും. പിന്നീട് എല്ലാവരും കൈവിടും. കമ്പനികളും ഇടനിലക്കാരുമാകും പിന്നീട് രംഗം കൈയടക്കുക. ഓട്ടോ മൊബൈൽ മേഖലയിൽ ‘ലിമിറ്റഡ് കസ്റ്റമേഴ്സ്’ ആണ്. അതുകൊണ്ട് ഈ മേഖലയിൽ നിരക്ക് കുറയുമായിരിക്കും. മറ്റ് മേഖലയിൽ വിലക്കുറവ് പ്രയോഗത്തിൽ വരുത്താൻ പ്രയാസമാണ്. നികുതിയിളവിന്‍റെ ഗുണഫലം ഉപഭോക്താക്കൾക്ക് കിട്ടില്ലെന്ന ആശങ്ക ശക്തമാണ്. ആദ്യഘട്ടത്തിൽ വില കുറച്ചെന്നിരിക്കും. പിന്നീട് മോഡൽ മാറ്റി എന്ന പേരിൽ വില കൂട്ടും.
നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ് വരണം എന്ന നിലയിൽ തന്നെയാണ് സംസ്ഥാനങ്ങളെല്ലാം നിലപാടെടുത്തത്. സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട വരുമാനം വലിയതോതിൽ കുറയുമെന്നതാണ് മറ്റൊരു വശം. ഇത് പരിഹരിക്കാൻ കേരളം പാക്കേജ് ആവശ്യപ്പെട്ടുവെങ്കിലും പരിഗണിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ 22 ലക്ഷം കോടിയാണ് ജി.എസ്.ടി ഇനത്തിൽ സമാഹരിച്ചത്. ഇതിൽ രണ്ട് ലക്ഷത്തിലേറെ കോടി നഷ്ടപ്പെടും. ഇതിന്‍റെ ആനുപാതിക നഷ്ടം സംസ്ഥാനങ്ങൾക്കും ഉണ്ടാകും. ഇതിനെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല. ഗുലാത്തി ഇൻസ്റ്റിസ്റ്റ്യൂട്ട് നടത്തിയ പ്രാഥമിക പഠനത്തിൽ 8,000 മുതൽ 10,000 കോടി വരെ കേരളത്തിന് വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണ്ടെത്തിയത്.
സംസ്ഥാന സർക്കാറിന്‍റെ അനിവാര്യ ചെലവുകളായ ശമ്പളത്തെയും സാമൂഹിക പെൻഷനെയും ഇൻഷുറൻസിനെയും മരുന്നുവാങ്ങലിനെയുമെല്ലാം ഈ കുറവ് ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

