Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര...

കേന്ദ്ര സര്‍ക്കാറിന്‍റെ സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി

text_fields
bookmark_border
KN Balagopal
cancel
camera_alt

കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ സ്വതന്ത്ര വ്യാപാര കരാറുകള്‍ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനം നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ കേന്ദ്ര ധനകാര്യമന്ത്രിയെയും16-ാം ധനകാര്യ കമീഷനെയും നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി മേഖലയിലുണ്ടാകാവുന്ന വിഷയങ്ങള്‍ സംബന്ധിച്ച് കയറ്റുമതിക്കാരുമായി വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുമായി അടക്കം ആശയവിനിമയം നടത്തി ഒരു പൊതുകൂട്ടായ്മ രൂപപ്പെടുത്തുന്നതിന് ആവശ്യമായ മുന്‍കൈ സര്‍ക്കാര്‍ എടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ പി.പി. ചിത്തരഞ്ജന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ധന മന്ത്രിയുടെ സഭയിൽ നല്‍കിയ മറുപടി

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സ്വാധീനമുള്ള മേഖലകളെ അമേരിക്കയുടെ പുതിയ താരിഫ് നയം ബാധിക്കും. സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ മേഖലകളില്‍ താരിഫ് നയം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയെല്ലാം നമ്മുടെ കാര്‍ഷിക- പരമ്പരാഗത തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ ഏകദേശം 12-13 ശതമാനം കേരളത്തില്‍ നിന്നാണ്. നിലവിലുള്ള കൗണ്ടര്‍ വെയിലിങ് തീരുവകള്‍ക്ക് പുറമേ യു.എസ് ആന്റി ഡമ്പിങ് തീരുവകള്‍ 1.4 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. 20-25 ശതമാനം പിഴ തീരുവ ചെമ്മീന്റെ മൊത്തം തീരുവ ഭാരം 33 ശതമാനത്തിലധികമായി ഉയര്‍ത്തുന്നു. ഇതുമൂലം അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ റദ്ദാക്കല്‍, കോള്‍ഡ് സ്റ്റോറേജുകളിലെ സ്റ്റോക്ക് കുമിഞ്ഞ് കൂടല്‍, സംസ്കരണ സംവിധാനങ്ങളുടെ ഉപയോഗ നിരക്ക് 20 ശതമാനത്തില്‍ താഴെയായി കുറയല്‍ തുടങ്ങിയ പ്രത്യാഘാതങ്ങളാണുണ്ടാകുന്നത്. ദശലക്ഷങ്ങളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. ചെമ്മീന്‍ സംസ്കരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികളില്‍ ഭുരിഭാഗവും വനിതകളുമാണ്. ഇവരുടെ ഉപജീവന മാര്‍ഗം നേരിട്ട് ഭീഷണിയിലാകും. തീരദേശ മേഖലയില്‍ വലിയ തോതിലുള്ള തൊഴില്‍നഷ്ടം സൃഷ്ടിക്കും. ചെറുകിട ഇടത്തരം സംസ്കരണക്കാരുടെ നിലനില്‍പ്പ് ഭീഷണിയിലാകും.

ഇന്ത്യയുടെ കുരുമുളക് കയറ്റുമതിയുടെ 80 ശതമാനത്തിലധികം കേരളത്തില്‍ നിന്നാണ്. ഏലം, ഇഞ്ചി, സുഗന്ധ വ്യഞ്ജന എണ്ണകള്‍, ഒലിയോറെസീനുകള്‍ തുടങ്ങിയ മൂല്യവർധിത ഉല്‍പന്നങ്ങളുടെ വലിയൊരു പങ്കും ഇവിടെ നിന്നാണ്. പ്രതിവര്‍ഷം 700 മില്യണ്‍ യു.എസ്. ഡോളറിലധികം മൂല്യമുള്ള സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങള്‍ അമേരിക്ക ഇറക്കുമതി ചെയ്യുന്നുണ്ട്. നിലവിലുള്ള തീരുവകള്‍ ഘട്ടം ഘട്ടമായി 50 ശതമാനമായി ഉയര്‍ത്തിയത് കേരളത്തിന്റെ മത്സരശേഷി ദുര്‍ബലപ്പെടുത്തും. താരിഫ് പ്രഖ്യാപനത്തിന് ശേഷമുള്ള മാസങ്ങള്‍ ഓര്‍ഡറുകളില്‍ 6 ശതമാനം കുറവുണ്ടായതായി കയറ്റുമതിക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നമുക്ക് വലിയ ഭീഷണിയുമാകുന്നുണ്ട്.

പരമ്പരാഗത മേഖലയിലെ കശുവണ്ടി, കയര്‍, കൈത്തറി തുടങ്ങിയവയെല്ലാം ഭീഷണി നിഴലിലാണ്. നമ്മുടെ കശുവണ്ടിപരിപ്പ് കയറ്റുമതിക്ക് വിയറ്റ്നാം അടക്കം വലിയ വെല്ലുവിളിയാകും. താരിഫ് വര്‍ദ്ധനവ് മൂലം ഉപയോഗത്തില്‍ ഉണ്ടാകാവുന്ന ഇടിവ് കയര്‍ മേഖലക്ക് ഭീഷണിയാണ്. നമ്മുടെ കരകൗശല ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയിലെ ചില പ്രത്യേക വിപണികളില്‍ വലിയ സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ഉയര്‍ന്ന താരിഫ് ഈ സാധ്യതകള്‍ ഇല്ലാതാക്കുകയാണ്.

ഏകദേശം 700 കോടി വിലമതിക്കുന്ന കേരളത്തിന്റെ തേയില കയറ്റുമതിക്ക് യു.എസ് വിപണിയുമായി അടുത്ത ബന്ധമുണ്ട്. അവിടെനിന്നുള്ള ഓര്‍ഡറുകളില്‍ കുത്തനെ ഇടിവുണ്ടായിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന ചെലവുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ ആഘാതങ്ങളും സമ്മര്‍ദത്തിലാക്കിയിട്ടുള്ള തേയില തോട്ടങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് യു.എസ് താരിഫ് നയം. കേരളത്തിന്റെ റബര്‍ കയറ്റുമതിയെയും താരിഫ് നയം ബാധിക്കും. മൂല്യവർധിത ഉല്‍പന്നങ്ങള്‍ വഴിമാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ എന്ന വിലയിരുത്തലുകളുമുണ്ട്. പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ മെഡിക്കല്‍, ദന്തല്‍ ഉപകരണ കയറ്റുമതിയില്‍ കേരളത്തിന് ചെറിയ പങ്കുണ്ട്. ഇത് വളര്‍ന്നുവരുന്നൊരു മേഖലയാണ്. ഈ മേഖലകളെ കൂടുതല്‍ വികസിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ വേണ്ടിവരുന്നു.

അമേരിക്കന്‍ ചുങ്കനയം വ്യാപാര കണക്കുകള്‍ക്കും വരുമാന നഷ്ടങ്ങള്‍ക്കും അപ്പുറത്തുള്ള സാമൂഹിക ആഘാതങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. നമ്മുടെ കയറ്റുമതി മേഖലകള്‍ പ്രാദേശിക സമൂഹങ്ങളുമായി ഉള്‍ച്ചേര്‍ന്നതാണ്. തൊഴിലാളികളില്‍ വലിയ പങ്ക് കയറ്റുമതി മേഖലകളില്‍ തൊഴില്‍ ചെയ്യുന്നു. ഇവരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ തടയപ്പെടാം എന്നുള്ള ഭീഷണി നിലനില്‍ക്കുന്നു. കയറ്റുമതി മേഖലയിലെ നിരവധി ചെറുകിട ഉല്‍പ്പാദകരും തൊഴിലാളികളും ഈ ഭീഷണിയുടെ നിഴലിലാണ്. അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകളുടെ കുറവ് തീരദേശ ഗ്രാമങ്ങള്‍, തോട്ടം ജില്ലകള്‍, പരമ്പരാഗത വ്യവസായ ക്ലസ്റ്ററുകള്‍ എന്നിവയിലെ വരുമാനത്തെ നേരിട്ട് ബാധിക്കും.

കശുവണ്ടി, കയര്‍, കൈത്തറി, ചെമ്മീന്‍ സംസ്കരണം ഉള്‍പ്പടെയുള്ള മേഖലകളില്‍ മഹാഭൂരിപക്ഷവും വനിതകളാണ് തൊഴിലെടുക്കുന്നത്. ഇവരുടെ വരുമാനത്തിലുണ്ടാകാവുന്ന ഇടിവ് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ വലിയ തോതില്‍ ബാധിക്കും. താരിഫ് ആഘാതങ്ങള്‍ ഗ്രാമീണ ദുരിത കേന്ദ്രങ്ങള്‍ സൃഷ്ടിക്കും. കയറ്റുമതി നിലനിര്‍ത്തുന്നതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്കും പരോക്ഷമായ പങ്കുണ്ട്. താരിഫ് നയം മൂലമുള്ള വ്യാപാര തടസ്സങ്ങള്‍ പ്രവാസികള്‍ നയിക്കുന്ന ബിസിനസ്സുകളുടെ സ്ഥിരതയെയും ബാധിക്കാം. പ്രാദേശിക തൊഴിലവസരങ്ങളില്‍ ഉണ്ടാകാവുന്ന ഇടിവ് കുടിയേറ്റം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകാം. പരമ്പരാഗത വ്യവസായ, കാര്‍ഷിക മേഖലകളിലെ വരുമാന ഇടിവ് നമ്മുടെ മാനവ വിഭവ സൂചകങ്ങളുടെ സംരക്ഷണത്തെ ബാധിക്കാനും സാധ്യതയുണ്ട്.

അമേരിക്ക ചുമത്തിയ പിഴ താരിഫുകള്‍ കേരളത്തില്‍ വ്യാപാര തടസ്സത്തിനൊപ്പം വലിയ സാമ്പത്തിക ആഘാതവുമാണ്. താരിഫ് നയം മൂലം കയറ്റുമതി മേഖലയില്‍ 2500 മുതല്‍ 4500 കോടി രൂപവരെ വാര്‍ഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് പ്രാഥിമിക വിലയിരുത്തല്‍. വ്യാപാര നികുതിയിലും കേന്ദ്ര കൈമാറ്റങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലുമാണ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മുന്നോട്ടുപോകുന്നത്. ജി.എസ്.ടി, പൊതുകടം വാങ്ങുന്നതിലുള്ള പരിധി നിശ്ചയിക്കല്‍, തനത് നികുതി വരുമാനം ഉയര്‍ത്തല്‍ സാധ്യതകളുടെ കുറവ് എന്നിവ മൂലം പരിമിതപ്പെട്ടിരിക്കുന്ന സംസ്ഥാനത്തിന്റെ വരുമാന മേഖല താരിഫ് നയം മൂലം ഉണ്ടാകുന്ന കയറ്റുമതിയുടെ ഇടിവില്‍ കൂടുതല്‍ സമ്മര്‍ദത്തിലാകും.

താരിഫ് നയം നേരിട്ട് ബാധിച്ച കയറ്റുമതി മേഖലയിലെ ജോലി സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ വേണ്ടതുണ്ട്. പലിശയിളവോടെ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന മൂലധനം ഉറപ്പാക്കല്‍, ഐ.ജി.എസ്.ടി റീഫണ്ടുകള്‍ വേഗത്തിലാക്കല്‍, ഊര്‍ജ സബ്സിഡികള്‍ ഉറപ്പാക്കല്‍, തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസ പാക്കേജുകള്‍ തുടങ്ങിയ അടിയന്തിര നടപടി നിര്‍ദ്ദേങ്ങളാണ് മുന്നോട്ടുവന്നിട്ടുള്ളത്.

കയറ്റുമതി വിപണി വൈവിധ്യവല്‍ക്കരണം ഡോളര്‍ അടിസ്ഥാനമാക്കിയുള്ള കൈമാറ്റ രീതികളില്‍ നിന്നുമാറി രൂപയില്‍ അടിസ്ഥാനമാക്കിയുള്ള വ്യാപാര ക്രമീകരണങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് ഉറപ്പാക്കല്‍, കയറ്റുമതിക്കാര്‍ക്ക് വിപണി വിവരങ്ങള്‍ ലഭ്യമാക്കല്‍, ബ്രാന്‍ഡിങ് പിന്തുണ, കൂട്ടായ വിലപേശല്‍ ശക്തി എന്നിവ ഉറപ്പാക്കുന്നതിനുള്ള നവീന സ്ഥാപനങ്ങളുടെ രൂപീകരണം യു.എസ് ഇതര രാജ്യങ്ങളില്‍ വ്യാപാര സൗഹൃദ കേന്ദ്രങ്ങള്‍ തുറക്കല്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കല്‍ തുടങ്ങിയ തന്ത്രപരമായ ഇടപെടലുകള്‍ ആവശ്യമാണ്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ പരിപൂര്‍ണമായ സഹായം കൂടിയേതീരൂ. ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍കൊണ്ടു വരുന്നതിനും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതിനും നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

സംസ്ഥാനം നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ കേന്ദ്ര ധനകാര്യമന്ത്രിയെ നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. 16-ാം ധനകാര്യ കമീഷനെ കണ്ടും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കമീഷന് നല്‍കിയ ഉപ നിവേദനത്തിലും ഈ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട ശിപാര്‍ശകളും സംബന്ധിച്ചും വിശദീകരിച്ചിട്ടുണ്ട്. പലതരത്തിലുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലാണ്. അത് വലിയ തോതില്‍ നമ്മുടെ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിച്ചേക്കാം. കയറ്റുമതി മേഖലയിലുണ്ടാകാവുന്ന വിഷയങ്ങള്‍ സംബന്ധിച്ച് കയറ്റുമതിക്കാരുമായി വ്യവസായ വകുപ്പ് ഒരുവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്സേഷന്‍ വിവിധ മേഖലയിലെ വിദഗ്ദ്ധരുമായി ഒരു റൗണ്ട് ടേബിള്‍ സംഘടിപ്പിച്ചിരുന്നു. ഇവയില്‍ നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുമായി അടക്കം ആശയവിനിമയം നടത്തി ഒരു പൊതുകൂട്ടായ്മ രൂപപ്പെടുത്തുന്നതിനാവശ്യമായ മുന്‍കൈ സര്‍ക്കാര്‍ എടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agricultural sectorfree trade agreementKN BalagopalLatest News
News Summary - Finance Minister says central govt's free trade agreements will affect agricultural and traditional sectors
Next Story