ഓർഡിനൻസ് കാണാതെ ഒപ്പിടില്ലെന്ന് പറയുന്നത് മുൻവിധി, ഗവർണർ ഒപ്പിടില്ലെന്ന് പറഞ്ഞതായി കരുതുന്നില്ല -മന്ത്രി പി.രാജീവ്
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് ഗവർണർ പറഞ്ഞതായി കരുതുന്നില്ലെന്ന് ധനമന്ത്രി പി. രാജീവ് പറഞ്ഞു. ഓർഡിനൻസ് കാണാതെ ഒപ്പിടില്ലെന്ന് പറയുന്നത് മുൻവിധിയാണ്. ഭരണഘടന അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ മന്ത്രിമാർ ഒപ്പുവെച്ച് ഇന്നുരാവിലെ തന്നെ രാജ്‍ഭവനിലേക്ക് അയച്ചു. ഓർഡിനൻസ് തന്നെ ബാധിക്കുന്നത് ആയതിനാൽ രാഷ്ട്രപതിയുടെ ശിപാർശക്ക് അയക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട്. അങ്ങനെ വന്നാൽ ഒരു തീരുമാനം ആകുന്നതു വരെ ബിൽ അവതരിപ്പിക്കാൻ കഴിയില്ല. ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സാധിക്കില്ലെന്നാണ് ചട്ടം.
ഇന്ന് വൈകീട്ട് ഡൽഹിക്ക് പോകുന്ന ഗവർണർ 20നാണ് മടങ്ങിയെത്തുക. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. ഡിസംബർ ആദ്യം നിയമസഭ ചേരാനാണ് സർക്കാർ ധാരണ.
ഗവർണർ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. പ്രതിപക്ഷത്തേക്കാൾ കൂടുതൽ ഭരണപക്ഷത്തെ എതിർക്കുന്നത് ഗവർണറാണ്. ഗവർണർ വിവാദങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതാണ് മര്യാദയെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രതികരണം. അതാണ് ജനാധിപത്യ മര്യാദ. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ അപ്പോൾ ആലോചിക്കാം. ഓർഡിനൻസിന്റെ കാര്യത്തിൽ സർക്കാറിന് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും ആർ. ബിന്ദു പറഞ്ഞു. എന്നാല്‍ ഡല്‍ഹിയിലേക്കു പോയ ഗവര്‍ണർ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

