തടഞ്ഞുവെച്ച 719 കോടി രൂപ നൽകില്ല; ജല അതോറിറ്റിയെ വെള്ളത്തിലാക്കി ധനവകുപ്പ് ഉത്തരവ്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് വെള്ളക്കരം ഇനത്തിൽ ജല അതോറിറ്റിക്ക് ലഭിക്കുകയും ട്രഷറി അക്കൗണ്ടിൽ ധനവകുപ്പ് തടഞ്ഞുവെക്കുകയും ചെയ്ത 719.166 കോടി രൂപ തിരികെ നൽകില്ല. ഈ തുക നൽകാനാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക വർഷാവസാനം ജല അതോറിറ്റിയുടെ ട്രഷറി അക്കൗണ്ടിൽ തടഞ്ഞുവെച്ച പണം തിരികെ കിട്ടാൻ സി.എം.ഡി പലതവണ കത്ത് നൽകുകയും സംഘടനകൾ സർക്കാറിൽ സമ്മർദം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, കെ.എസ്.ഇ.ബിക്ക് ഇനിയും ജല അതോറിറ്റി പണം നൽകാനുള്ള സാഹചര്യത്തിൽ 719.166 കോടി നൽകാനാവില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കുകയായിരുന്നു.
വൈദ്യുതി ചാർജിനത്തിൽ ജല അതോറിറ്റിയുടെ പ്രതിമാസ വരുമാനത്തിൽനിന്ന് പത്ത് കോടി രൂപ എസ്ക്രോ അക്കൗണ്ട് വഴി കെ.എസ്.ഇ.ബിക്ക് കൈമാറാൻ കരാർ ഒപ്പിട്ടത് കഴിഞ്ഞ ആഴ്ചയാണ്. വരവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാനാകാതെ പ്രതിസന്ധി നേരിടുന്ന അതോറിറ്റിക്ക് അക്കൗണ്ടിൽനിന്ന് എല്ലാ മാസവും പത്ത് കോടി കെ.എസ്.ഇ.ബിക്ക് നൽകുന്നത് പണഞെരുക്കം രൂക്ഷമാക്കുമെന്ന ആശങ്ക ജീവനക്കാരുടെ സംഘടനകളടക്കം ഉന്നയിച്ചിരുന്നു.
പത്ത് കോടിയുടെ കരാറിന് പിന്നാലെയാണ് 719.166 കോടി തിരികെ കിട്ടുമെന്ന പ്രതീക്ഷയും ജല അതോറിറ്റിക്ക് ഇല്ലാതായത്. മാത്രമല്ല അതോറിറ്റിക്ക് അനുവദിക്കുന്ന പ്ലാൻ ഇതര ഗ്രാന്റിൽനിന്ന് കെ.എസ്.ഇ.ബിക്ക് നൽകാനുള്ള കുടിശ്ശികയായ 1348.834 കോടി രൂപ ഗഡുക്കളായി ഈടാക്കുമെന്നും ധന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക 10 തുല്യ ഗഡുക്കളായാവും ഈടാക്കുക. ജല അതോറിറ്റിക്ക് സർക്കാർ വകുപ്പുകളിൽനിന്ന് കിട്ടേണ്ട കോടികളുടെ കുടിശ്ശിക ഈടാക്കാൻ കഴിയാത്ത സാഹചര്യമാണ്.
വിവിധ സർക്കാർ വകുപ്പുകൾ നൽകാനുള്ളത് 115.60 കോടിയാണ്. പൊതുമേഖല സ്ഥാപനങ്ങൾ -7.89 കോടി, വൻകിട-സ്വകാര്യ സ്ഥാപനങ്ങൾ-4.41 കോടി, ഗാർഹിക ഉപഭോക്താക്കൾ- 348.29 കോടി എന്നിങ്ങനെയും കിട്ടാക്കടമായി തുടരുന്നു. അതിനിടെ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി പെൻഷനേഴ്സ് കൂട്ടായ്മ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനുള്ള തീരുമാനമെടുത്തു.
115 ദിവസം പിന്നിട്ട ശേഷം നിർത്തിവെച്ച സമരം സെപ്റ്റംബർ 22 മുതൽ പുനരാരംഭിക്കാനാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ഭാരവാഹികൾ എം.ഡിക്ക് കത്ത് നൽകി. ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവിധ ആനുകൂല്യങ്ങൾ കൃത്യമായി നൽകാനാവാത്ത വിധം പ്രതിസന്ധി നിലനിൽക്കെയാണ് ധനവകുപ്പിന്റെ ഞെരുക്കൽ ജല അതോറിറ്റിയെ വെള്ളംകുടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

