നിതിൻ രാജിന്റെ മരണം; 102ാം നാൾ റാം പിടിയിലാകുമ്പോൾ...
text_fieldsഅഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ഡോ. എൻ.കെ. റാമിനെ അറസ്റ്റ് ചെയ്ത് കണ്ണൂരിൽ ക്രൈം ബ്രാഞ്ച് ഓഫിസിൽനിന്ന് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് മരിച്ചിട്ട് കൃത്യം 102 ദിവസം തികയുമ്പോൾ ഒന്നാം പ്രതിയും കോളജിലെ അധ്യാപകനുമായ ഡോ. റാം (52) ഒടുവിൽ പിടിയിലായെങ്കിലും മണിക്കൂറുകൾക്കകം പുറത്തേക്ക്. തുടക്കം മുതലേ സംസ്ഥാനതലത്തിൽ തന്നെ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ച കേസിലാണ് ഇത്രയും വൈകി ഒന്നാം പ്രതി പിടിയിലായത്.
എന്നാൽ, ജില്ല കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ അറസ്റ്റ് നിയമാനുസരണമല്ലെന്നുകണ്ട് കോടതി വൈകീട്ടോടെ റദ്ദാക്കുകയായിരുന്നു. കോടതിയിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ പുറത്തിറങ്ങിയ റാമിനെ കസ്റ്റഡിയിലെടുത്ത ക്രൈംബ്രാഞ്ച് സംഘം പിന്നീട് നോട്ടീസ് നൽകി വിട്ടയക്കുകയാണുണ്ടായത്. തുടക്കം മുതലുള്ള അന്വേഷണത്തിലെ പാളിച്ചയും ജാത്യാധിക്ഷേപവും ലോൺ ആപ്പ് കെണിയും പ്രതിയുടെ ഒളിച്ചോട്ടവും ക്രൈംബ്രാഞ്ച് ഏറ്റെടുപ്പും കോടതി ഇടപെടലും എല്ലാം നിരന്തരം കേസിനെ സജീവമാക്കി.നിലവിൽ റാം പശറത്തിറങ്ങിയതോടെ വിഷയം വീണ്ടും വലിയ ചർച്ചയായി.
2026 ഏപ്രിൽ 10
അന്ന് ഉച്ചകഴിഞ്ഞാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സിറ്റി പൊലീസ് കമീഷണറായിരുന്ന പി. നിധിൻരാജിന്റെ മേൽനോട്ടത്തിൽ കണ്ണൂർ എ.സി.പി ഹരിപ്രസാദ്, ചക്കരക്കല്ല് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ കേസന്വേഷണം.
നിതിൻ, അധ്യാപകരായ ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടിവന്നതായി സഹപാഠികളടക്കം മൊഴി നൽകി. ലോൺ ആപ്പിൽ കുടുക്കിയതായും വിവരം. പിന്നാലെ കേസന്വേഷണം തൃപ്തികരമല്ലെന്ന് പരാതിയും. വൈകാതെ സർക്കാർ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രണ്ടാംപ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ആദ്യ അന്വേഷണസംഘം അവരെ അറസ്‌റ്റ് ചെയ്തിരുന്നു.
ജാത്യാധിക്ഷേപത്തിൽ ഉറച്ച് കുടുംബം
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി കെ. സുധീറിന്റെ നേതൃത്വത്തിലാണ് തുടക്കത്തിൽ പ്രധാന അന്വേഷണം നടത്തിയത്. ഒന്നാം പ്രതി റാമിനെ തേടി ആന്ധ്രയിലും മറ്റും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുമായി ഫോണിൽ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഉപയോഗിച്ച ഫോണുകൾ പിന്നീട് പരിശോധിച്ചെങ്കിലും അത് പ്രവർത്തന രഹിതമായിരുന്നു. അതിനിടെ പ്രതി കോടതികളിൽ മാറിമാറി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുകൊണ്ടേയിരുന്നു. ഇത് പ്രതിയെത്തേടി പോകുന്നതിന് തടസ്സമായി.
പിന്നാലെ ഇൻസ്പെക്ടർ ശിവൻ ചോടത്ത്, എസ്.ഐ സുധീഷ്, എ.എസ്.ഐ പുരുഷോത്തമൻ എന്നിവരടങ്ങുന്ന സംഘം തിരുവനന്തപുരത്തെ വീട്ടിലെത്തി നിതിൻ രാജിന്റെ പിതാവ് രാജൻ, സഹോദരിമാർ, സഹോദരീ ഭർത്താവ്, പിതൃസഹോദരൻ തുടങ്ങി ആറ് പേരുടെ മൊഴിയെടുത്തു.
ജാത്യാധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻരാജ് മരിച്ചതെന്ന് എല്ലാവരും മൊഴി നൽകി. മകൻ ഏറെ മാനസീക പീഡനം അനുഭവിച്ചിരുന്നതായും പിതാവ് പറഞ്ഞു. തുടർന്ന് ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിൽ എസ്.സി, എസ്.ടി വകുപ്പ് ചേർക്കുകയും ചെയ്തു. പിന്നാലെ അഞ്ചരക്കണ്ടി കോളജിലെത്തി പ്രിൻസിപ്പലടക്കമുള്ള അധ്യാപകരുടെയും നിതിന്റെ സഹപാഠികളുടെയും മൊഴിയെടുത്തു.
സഹപാഠികളും ഒന്നാം പ്രതി റാമിന്റെ ക്രൂരതയെപ്പറ്റി വിശദ മൊഴി നൽകി. കാമ്പസിലെ സി.സി.ടി.വി ക്യാമറകളും സംഘം പരിശോധിച്ചു. അതിനിടെ കഴിഞ്ഞയാഴ്ച പുതിയ ക്രൈംബ്രാഞ്ച് എസ്.പിയായി കെ.വി.വേണുഗോപാലിനെ ആഭ്യന്തര വകുപ്പ് നിയമിച്ചു. ഇതോടെ പ്രതിക്കായി വീണ്ടും അന്വേഷണം ഊർജിതമാക്കി.
ലോൺ ആപ്പ് ചതിയിൽ അറസ്റ്റ്
നിതിനെ ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട നാലു പേരെ അതിനിടെ അറസ്‌റ്റ് ചെയ്തു. ലോൺ ആപ്പ് സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്. നോയിഡയിലെ ഇൻസ്റ്റൻ്റ് ഫ്രണ്ട് ലോൺ ആപ്പ് ഓഫീസിലടക്കം സംഘം പരിശോധന നടത്തി നിരവധി രേഖകൾ പിടികൂടിയിരുന്നു.
കോടതിയുടെ വിമർശനം
നിതിന്‍രാജ് ജീവനൊടുക്കി രണ്ട് മാസം പിന്നിട്ടിട്ടും ഡോ. റാമിന്റെ അറസ്റ്റ് നീണ്ടുപോകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ സഹായം പൊലീസ് ചെയ്തു കൊടുക്കുന്നുവെന്നായിരുന്നു ആരോപണം. ഡോ. റാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയുണ്ടായതും കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിച്ചു.
തലശ്ശേരി കോടതിയില്‍ നിന്ന് ജാമ്യഹരജി തള്ളിയതിനെത്തുടര്‍ന്ന് ഡോ. റാം ഹൈകോടതിയെ സമീപിച്ചു. എന്നാല്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് ബദറുദീന്‍ അഭിപ്രായപ്പെട്ടത് ‘വിറക്കുന്ന പൊലീസ് ഉള്ളപ്പോള്‍ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുെമന്നായിരുന്നു. ഇക്കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും പറഞ്ഞിരുന്നു’. മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ ഡോ. റാമിന്റെ അഭിഭാഷകനോട് ആ കുട്ടിയുടെ മാനസികാവസ്ഥ നിങ്ങള്‍ക്ക് ആലോചിക്കാമോയെന്ന ചോദ്യവും സുപ്രീംകോടതി ഉയര്‍ത്തി. ഇതോടെയാണ് റാമിനെ പിടികൂടാനുള്ള നീക്കത്തിന് വേഗം കൈവന്നത്.
ഒളിവില്‍ക്കഴിയാന്‍ സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും -എസ്.പി വേണുഗോപാല്‍
കണ്ണൂര്‍: നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിടിയിലായ ഡോ.എം.കെ. റാമിനെ ഒളിവില്‍ കഴിയാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി കെ.വി.വേണുഗോപാല്‍. റാമിനെ വിശദമായി ചോദ്യംചെയ്തതിൽ നിന്ന് ചില വ്യക്തമായ സൂചനകൾ ലഭിച്ചതായും അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

