'ഒടുവിൽ പിണറായിയുടെ അടുത്ത് പത്തി താഴും, അല്ലാതെ സി.പി.ഐ എവിടെ പോകാനാണ്?' പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ
text_fieldsകൊച്ചി: പി.എം ശ്രീ വിഷയത്തിൽ സി.പി.ഐ നിലപാടിനെ പരിഹസിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് സി.പി.ഐ എതിർക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വന്ന് സംസാരിച്ചാൽ സി.പി.ഐയുടെ പ്രശ്‌നമെല്ലാം തീരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ എന്നും അദ്ദേഹം ചോദിച്ചു. സി.പി.എം-ബി.ജെ.പി അന്തർധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടത്.
നാടോടുമ്പോൾ നടുവേ ഓടണം. കേന്ദ്ര സർക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. കേരളത്തിന് അവകാശപ്പെട്ട പണമാണത്. അതിന് നയ രൂപീകരണം വേണം. ആദർശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എല്ലാത്തിനും ഒടുവിൽ പിണറായിയുടെ അടുത്ത് പത്തി താഴും. അല്ലാതെ സി.പി.ഐ എവിടെ പോകാനെന്നും വെള്ളാപ്പള്ളി ചോദിച്ചു.
അതേസമയം, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ രാഷ്ട്രീയത്തിൽ ഇടം കിട്ടാത്തവർക്ക് ഇടം കൊടുക്കുന്ന സ്ഥലമായി ദേവസ്വം ബോർഡ് മാറിയെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ബോർഡുകളെയെല്ലാം പിരിച്ചുവിടണം. ശബരിമലയുടെ ഭൂമി, സ്വർണ്ണം അടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചാൽ അപഹരിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാകും.
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഴിമതിയുടെ ഒരു ശൃംഖല നടക്കുന്നു. ഐഎഎസുകാരെ തലപ്പത്ത് വെച്ചുകൊണ്ടുള്ള പുതിയ സംവിധാനം വരണം. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി.എം ശ്രീയില്‍ സര്‍ക്കാര്‍ നയം കീഴ്‌മേല്‍ മറിഞ്ഞത് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രക്ക് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. 10ാം തീയതിയാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും കണ്ടത്. പി.എം ശ്രീ ഒപ്പിട്ടത് 16ാം തീയതിയും. 10ാം തീയതി ഡല്‍ഹിയില്‍ എന്ത് സംഭവിച്ചെന്ന് മുഖ്യമന്ത്രി പറയണം. എന്ത് ഡീലാണ് നടന്നത്? മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്‌മെയില്‍ ചെയ്തു. 22ാം തീയതി മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മിണ്ടാതിരുന്നു. ഒപ്പമുള്ള മന്ത്രിമാരോട് പോലും കള്ളത്തരം കാണിച്ചു. നയം കീഴ്‌മേല്‍ മറിഞ്ഞത് 10ാം തീയതിക്ക് ശേഷമാണ്. എം.എ. ബേബി പോലും അറിഞ്ഞില്ല. സിതാറാം യെച്ചൂരി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ? നടക്കില്ലായിരുന്നു.
എം.എ. ബേബി വിധേയനാണ്. സംസ്ഥാന ഘടകം തീരുമാനിക്കും എന്നാണ് ബേബി പറയുന്നത്. അങ്ങനെയെങ്കില്‍ സി.പി.എം ദേശീയ നേതൃത്വത്തിന്ഒരുനയമില്ലേയെന്നും വി.ഡി. സതീശൻ ചോദിച്ചു.
ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തത് അന്നത്തെ ദേവസ്വം ബോര്‍ഡും മന്ത്രിയുമാണ്. ദ്വാരപാലക ശിൽപങ്ങള്‍ കൊണ്ടുപോയിട്ട് 39 ദിവസം കഴിഞ്ഞാണ് ചെന്നൈയില്‍ എത്തിയത്. ഇതിനെല്ലാം കൂട്ടുനിന്നത് ദേവസ്വം ബോര്‍ഡാണ്. ഇതെല്ലാം പിന്നീട് അറിഞ്ഞിട്ടും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അത് മൂടിവെച്ചുവെന്നും വി.ഡി. സതീശൻ ആരോപിച്ചു. പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്ന് ഇവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ രക്ഷിക്കാനാണ് എല്ലാം ചെമ്പു പാളിയാണ് എന്ന് എഴുതി കൊടുത്തത്.
വീണ്ടും കളവ് നടത്താനാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡും ശ്രമിച്ചത്. ഒന്നും അറിഞ്ഞില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നതില്‍ കാര്യമില്ല. ഇപ്പോള്‍ മാന്യന്‍ ചമയുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നെ വീണ്ടും സ്വർണം പൂശാന്‍ കൊടുക്കണമെന്ന് പറഞ്ഞയാളാണ്. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹവും അടിച്ച് കൊണ്ട് പോയേനെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

