'അൽപം വൈകിയത് നന്നായി, നല്ല പബ്ലിസിറ്റി കിട്ടി'; ഒടുവിൽ കെ. മുരളീധരൻ വിശ്വാസ സംരക്ഷണ സംഗമത്തിൽ
text_fieldsപന്തളം: ആകാംക്ഷയോടെയുളള കാത്തിരിപ്പിനൊടുവിൽ കെ.പി.സി.സി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിൽ കെ. മുരളീധരനെത്തി. പ്രവർത്തകർ ഏറെക്കുറെ പിരിഞ്ഞുപോയിട്ടും മുരളീധരനെത്താനായി സമ്മേളനം മൂന്നുമണിക്കൂറോളം നീട്ടി. ഇതിനൊടുവിലാണ് ഇദ്ദേഹം വേദിയിലേക്ക് എത്തിയത്.
താൻ അൽപം വൈകിയത് നന്നായി, അതുകൊണ്ട് കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച ഈ യാത്രയുടെ ചെങ്ങന്നൂരിൽ സമാപിച്ചത് വരെയുള്ള എല്ലാ രംഗങ്ങളും ചാനലുകാർ കാണിച്ചു. നല്ല പബ്ലിസിറ്റി തന്നെ കിട്ടിയെന്നും കെ.മുരളീധരൻ പറഞ്ഞു.
വിശ്വാസ മഹാസംഗമത്തിന്റെ മുന്നോടിയായി വിവിധ മേഖലയിൽ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ നാല് ജാഥകളിലൊന്നിന്റെ ക്യാപ്റ്റനായിരുന്നു കെ മുരളീധരൻ. വെള്ളിയാഴ്ച ജാഥകൾ ചെങ്ങന്നൂരിൽ സമാപിച്ചശേഷം അദ്ദേഹം ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.
കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയെ തുടർന്നായിരുന്നു മുരളീധരൻ മടങ്ങിയത്. ഇതോടെ അപകടം മണത്ത കെ.പി.സി.സി മുരളീധരനെ അനുനയിപ്പിക്കാൻ രംഗത്തിറങ്ങി. സംഗമത്തിന്റെ സമാപനസമ്മേളനത്തിൽനിന്ന് കെ.മുരളീധരൻ വിട്ടുനിൽക്കുമെന്ന വാർത്തകൾ പുറത്തുവന്നതും നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
ഇതോടെ പുനഃസംഘടനയിൽ നോമിനിമാരെ പരിഗണിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുരളീധരന് ഉറപ്പ് നൽകി. തുടർന്ന് അദ്ദേഹം ഗുരുവായൂരിൽനിന്ന് പന്തളത്തേക്ക് എത്തുകയായിരുന്നു. പ്രധാനനേതാക്കളെല്ലാം മുരളീധരൻ എത്തുംവരെ വേദിയിൽ കാത്തിരിക്കുകയും ചെയ്തു.
ഇടഞ്ഞു; ഒടുവിൽ അയഞ്ഞു
പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരൻ നടത്തിയ അപ്രതീക്ഷിത നീക്കം കോൺഗ്രസ് നേതൃത്വത്തെ വെള്ളം കുടിപ്പിച്ചു. സമവായ വാഗ്ദാനങ്ങൾക്കും നേതാക്കളുടെ കൂട്ടവിളികൾക്കുമൊടുവിൽ മുരളി അയഞ്ഞതോടെയാണ് നേതൃത്വത്തിന് ആശ്വാസമായത്. ശബരിമലയിലെ സ്വർണമോഷണവും ആചാരലംഘനവും ചൂണ്ടിക്കാട്ടി കോൺഗ്രസ് സംഘടിപ്പിച്ച നാല് മേഖലജാഥകളുടെ പന്തളത്തെ മഹാസംഗമ ദിവസമാണ് ഒരു ജാഥയുടെ ക്യാപ്റ്റൻ കൂടിയായ മുരളീധരൻ വിട്ടുനിന്ന് പാർട്ടിയെ സമ്മർദ്ദത്തിലാക്കിയത്.
പുനഃസംഘടനയിൽ മറ്റുള്ളവർക്കെല്ലാം പരിഗണന നൽകിയ നേതൃത്വം താൻ നിർദേശിച്ചയാളുകളെ തഴഞ്ഞതിലുള്ള അമർഷമായിരുന്നു പിൻമാറ്റത്തിന് കാരണം. എല്ലാ മലയാള മാസവും ഒന്നിന് മുരളീധരൻ ഗുരുവായൂരിലെത്തുന്ന പതിവ് ചൂണ്ടിക്കാട്ടി നേതൃത്വം ന്യായീകരിച്ചെങ്കിലും രാവിലെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതതോടെയാണ് ഗുരുവായൂർ യാത്രക്ക് പ്രതിഷേധരൂപംകൂടിയുണ്ടെന്ന് ഉറപ്പിച്ചത്. മുരളീധരന് പങ്കെടുത്തില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് വേഗത്തിലായിരുന്നു അനുനയനീക്കങ്ങൾ.
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കം മുരളീധരനുമായി ഫോണിൽ സംസാരിച്ചു. കെ.സി. വേണുഗോപാലും ആശയവിനിമയം നടത്തി. കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കുമ്പോൾ മുരളീധരന്റെ ശിപാർശക്ക് പരിഗണന നൽകുമെന്നായിരുന്നു പ്രധാന ഉറപ്പ്. 22ന് കെ.സി. വേണുഗോപാൽ മുരളീധരനെ നേരിൽ കാണുമെന്നും വിവരമുണ്ട്. ഇതോടെ അനുനയത്തിലേക്ക് മുരളീധരൻ ചുവടുമാറ്റി. പിന്നാലെ ഗുരുവായൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് നിശ്ചയിച്ച യാത്ര പന്തളത്തേക്ക് മാറ്റി.
13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരുമായി ഏറെ കാത്തിരിപ്പിനൊടുവിലാണ് വ്യാഴാഴ്ച ഭാരവാഹി പട്ടിക പുറത്തുവന്നത്. ചെറിയ മുറുമുറുപ്പും ചീറ്റലുമായിരുന്നു ആദ്യ ദിവസമെങ്കിൽ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് വഴിമാറിയത് ശനിയാഴ്ചയാണ്. പുനഃസംഘടനയില്‍ തനിക്ക് ഇത്ര തൃപ്തി മുമ്പുണ്ടായിട്ടില്ലെന്നായിരുന്നു കെ. സുധാകരന്റെ പരിഹാസം. റിജില്‍ മാക്കുറ്റിയെ പരിഗണിക്കാത്തതാണ് സുധാകരന്റ അമർഷത്തിന് കാരണമെന്നാണ് വിവരം. ചാണ്ടി ഉമ്മനും അതൃപ്തിയിലാണ്. വെള്ളിയാഴ്ച കെ.പി.സി.സിയുടെ പല വാട്സ്ആപ് ഗ്രൂപ്പുകളിൽനിന്നും ചാണ്ടി ഉമ്മൻ പുറത്തുപോയി. അതൃപ്തരെ അനുനയിപ്പിക്കാൻ നേതൃത്വം എന്ത് ഫോർമുല കണ്ടെത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

