അവസാന വിഡിയോ സന്ദേശം പുറത്ത്; വിവാദങ്ങൾ ചൂടുപിടിക്കുന്നു
text_fieldsജോസ് നെല്ലേടത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ
പുൽപള്ളി: ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് ജോസ് നെല്ലേടം ജീവനൊടുക്കുന്നതിന് തൊട്ടു മുമ്പ് റെക്കോഡ് ചെയ്ത വിഡിയോ പുറത്ത്. കോൺഗ്രസിലെ ഗ്രൂപ് വഴക്കും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത പെരിക്കല്ലൂർ മൂന്നുപാലം സ്വദേശി ജോസ് നെല്ലേടത്തിന്റെ വിഡിയോ സന്ദേശമാണ് പുറത്തുവന്നത്.
പെരിക്കല്ലൂരില്‍ തോട്ടയും മദ്യവും പിടിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചത് തെറ്റായ വിവരമാണെന്ന് വിഡിയോയിൽ പറയുന്നു. തന്നോട് അസൂയയുള്ള ചിലര്‍ തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുവെന്നും തന്നെയും കുടുംബത്തേയും തകര്‍ക്കാന്‍ നോക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ജോസ് നെല്ലേടത്ത് പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ താന്‍ അഴിമതിക്കാരനെന്ന തരത്തില്‍ പ്രചാരണം നടന്നതായും പറയുന്നു.
പെരിക്കല്ലൂരിലെ കള്ളക്കേസ് വിവാദവും അതില്‍ തനിക്ക് സംഭവിച്ച പിഴവും പറഞ്ഞുകൊണ്ടാണ് ജോസ് വിഡിയോ ആരംഭിക്കുന്നത്. ലഭിച്ചത് തെറ്റായ വിവരമാണെന്ന് അറിയാതെ പൊലീസിന് കൈമാറി. പ്രാഥമിക അന്വേഷണം നടത്തേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.
മരിക്കുന്നതിന്റെ തലേന്ന് പ്രാദേശിക മാധ്യമപ്രവർത്തകനെ വിളിച്ചുവരുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. സമൂഹത്തിൽ തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുകയാണെന്നും അനർഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ആരോപണങ്ങൾ താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് താനിപ്പോഴുള്ളതെന്നും വിഡിയോയിൽ പറയുന്നുണ്ട്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും ചൂട് പിടിക്കുകയാണ്. വാർഡ് കോൺഗ്രസ് പ്രസിഡന്റായ കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങളെ തുടർന്ന് ജോസ് നെല്ലേട ഉൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെ വ്യാപകമായ പ്രചാരണങ്ങൾ നടന്നിരുന്നു.
സമൂഹ്യ മാധ്യമത്തിലടക്കം പ്രചാരണങ്ങൾക്ക് ഇത് കാരണമായി. ഇതിൽ മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന. പുറത്തുവന്ന ദൃശ്യങ്ങളിൽ, തന്റെ നിരപരാധിത്വം ജോസ് വ്യക്തമാക്കുന്നുണ്ട്. ഒരാളിൽ നിന്ന് അനർഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും മക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ജോസ് നെല്ലെടത്തിന്റെ മരണം വയനാട് കോൺഗ്രസിൽ സമീപകാലത്തുണ്ടായ ദുരൂഹമരണങ്ങളുടെ തുടർച്ചയാണെന്നാണ് സി.പി.എം ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ അഞ്ചിലധികം കോൺഗ്രസ് പ്രവർത്തകരാണ് വിവിധ കാരണങ്ങളാൽ വയനാട്ടിൽ ജീവനൊടുക്കിയത്. വിഭാഗീയതയും സഹകരണ ബാങ്ക് തട്ടിപ്പുകളും മരണങ്ങൾക്ക് പിന്നിലുണ്ടെന്നാണ് സി.പി.എം ഉയർത്തുന്ന പ്രധാന ആരോപണം.
പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ല -മന്ത്രി
പെരിക്കല്ലൂർ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ഒ.ആർ. കേളു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. ജോസ് നെല്ലേത്തിന്റെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവിടണം -ഡി.സി.സി പ്രസിഡന്റ്
നെല്ലേടത്തിന്റെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. കത്തിലെ വിവരങ്ങൾ മറച്ചുവെക്കുന്നത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിലെ വിഭാഗീകതയുടെ പേരിലല്ല മരണം. സി.പി.എം സൈബറിടങ്ങളിൽ നിന്നുള്ള പ്രചാരണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം നടത്തണം -സി.പി.എം
ജോസ് നെല്ലേടത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെക്കാനുള്ള ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെ ശ്രമം ഏശുകയില്ലെന്ന് ജില്ല സെക്രട്ടറി കെ. റഫീഖ്. ക്രിമിനൽ വത്കരിക്കപ്പെട്ട പാർട്ടിയായി മാറിയിരിക്കുകയാണ് കോൺഗ്രസ്. ആരോപണ വിധേയരായ മുഴുവൻ പേരുടെയും പേരിൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് നെല്ലേടത്തിന് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു. വി.വി. ബേബി, എം.എസ്. സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
വിദഗ്ധസംഘം അന്വേഷിക്കണം -സി.പി.ഐ
ജോസ് നെല്ലേടത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു. കോൺഗ്രസ് നേതാക്കളുടെ മാഫിയ പ്രവർത്തനങ്ങളെ പറ്റിയും സമീപ കാലത്ത് കോൺഗ്രസ് നേതാക്കൾ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

