സൂര്യ കൃഷ്ണമൂർത്തിക്ക് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി
text_fieldsതൈക്കാട് ‘ഗണേശ’ത്തിൽ പൊതുദർശനത്തിനുവെച്ച സൂര്യ കൃഷ്ണമൂർത്തിയുടെ മൃതദേഹത്തിനരികിൽ മകൾ സീതയും ഭാര്യ രാജേശ്വരിയും -ചിത്രം വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: തിരശ്ശീലക്കുമുന്നിലൊരുക്കിയ ഓരോ ഫ്രെയിമും പോലെ അവിസ്മരണീയമായിരുന്നു പ്രശസ്ത കലാസംഘാടകന്‍റെ അവസാന നിമിഷങ്ങളും. എരിയുന്ന നിലവിളക്കിനു മുന്നിൽ, ‘ഗണേശം സൂര്യ നാടകക്കളരി’യിലെ പൂക്കൾ കൊണ്ടലങ്കരിച്ച അരങ്ങിൽ സൂര്യ കൃഷ്ണമൂർത്തി നീണ്ടുനിവർന്നുകിടന്നു. പശ്ചാത്തലത്തിൽ ഇടതടവില്ലാതെ ‘പാട്ടുപാടിയുറക്കാം ഞാൻ താമരപ്പൂംപൈതലേ...’ പി. സുശീലയുടെ താരാട്ടിന്‍റെ സ്വരമാധുരി. ഇരുട്ടും വെളിച്ചവും ഇടകലർന്ന വേദിയിൽ കഥാപാത്രങ്ങളെന്ന പോലെ ഓരോരുത്തർ സൂര്യ കൃഷ്ണമൂർത്തിയെന്ന പ്രിയപ്പെട്ടയാളെ തേടി കടന്നുവന്നു. പതിവുതൊപ്പിയും കണ്ണടയും ധരിച്ച് അദ്ദേഹം എല്ലാറ്റിനും കാഴ്ചക്കാരനായി.
അരങ്ങിന്‍റെ ശിൽപിക്ക് അരങ്ങിൽ തന്നെ യാത്രാമൊഴിയേകി സാംസ്കാരികലോകം. വീടിനോട് ചേർന്ന് കലാകാരന്മാർക്കായി സൂര്യ കൃഷ്ണമൂർത്തി ഒരുക്കിയ ആധുനിക ബ്ലാക്ക് ബോക്സ് തിയേറ്റർ വേദിയാണ് ‘ഗണേശം സൂര്യ നാടകക്കളരി’. ഇവിടെയാണ് മൃതദേഹം പൊതുദർശനത്തിനുവെച്ചത്. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും വഴി തെളിച്ചവരുമായി നിരവധി പേരാണ് അദ്ദേഹത്തെ അവസാന നോക്കു കാണാനെത്തിയത്. കലങ്ങിയ കണ്ണുകളുമായി ഭാര്യ രാജേശ്വരിയും മകൾ സീതയും മരുമകൻ ചന്ദൻകുമാറും അരങ്ങിനു താഴെയിരുന്നു. മകൻ ലക്ഷ്മണ് അമേരിക്കയിൽ നിന്നെത്താനായില്ല.
ബുധനാഴ്ച രാത്രി തന്നെ മൃതദേഹം തൈക്കാട്ടെ വസതിയിലെത്തിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ ‘ഗണേശ’ത്തിൽ പൊതുദർശനം ആരംഭിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ സണ്ണി ജോസഫ്, സി.പി. ജോൺ, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ ഫാത്തിമ തഹ്ലിയ, എൻ. ശക്തൻ, രാജീവ് ചന്ദ്രശേഖരൻ, സി.ആർ. മഹേഷ്, വി. മുരളീധരൻ, മുൻ മന്ത്രി കെ.കെ. ശൈലജ, മേയർ വി.വി. രാജേഷ്, ബീന പോൾ, എ.ഡി.ജി.പി പി. വിജയൻ, സിനിമാതാരങ്ങളായ കാർത്തിക, രവീന്ദ്രൻ, ലക്ഷ്മി ഗോപാലസ്വാമി, നന്ദു പൊതുവാൾ, മധുപാൽ, നവ്യ നായർ തുടങ്ങി അനേകം പേർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. വൈകീട്ട് അഞ്ചോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലെത്തിച്ചു. തുടർന്ന് ഔദ്യോഗിക ബഹുമതികളേറ്റുവാങ്ങി ആ കലാസൂര്യൻ എരിഞ്ഞടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

