ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ നഷ്ടപ്പെട്ടു; സിനിമ പ്രവർത്തകർ പിടിയിൽ
text_fieldsമട്ടാഞ്ചേരി: ഓൺലൈൻ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയറ്റ് ഡയറക്ടറുമായ ശ്രീദേവ് (35), കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി (37) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് യുവാവ് തട്ടിപ്പിനിരയായത്. പലതവണയായി 46 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. അസി. പൊലീസ് കമീഷണർ ഉമേഷ് ഗോയൽ, പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എ. ഷിബിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തട്ടിപ്പിലൂടെ നേടിയ പണം മുഹമ്മദ് റാഫി പറഞ്ഞതനുസരിച്ച് ശ്രീദേവിന്റെ അക്കൗണ്ടിലേക്ക് ഇടുകയും ശ്രീദേവ് മറ്റൊരാൾക്ക് കൈമാറുകയുമായിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.ോ

