ചലച്ചിത്രരംഗത്തെ ലൈംഗികാരോപണം അന്വേഷിക്കാൻ പ്രത്യേകസംഘം
text_fieldsതിരുവനന്തപുരം: സിനിമ രംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തീരുമാനം. മലയാള സിനിമ മേഖലയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങൾ തുടരുന്നതിനിടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ചു. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു സർക്കാറിന്റെ മുൻ നിലപാട്. വിമർശനം കടുത്തതോടെയാണ് തീരുമാനം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് ചുമതല.
ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ നാല് വനിത ഐ.പി.എസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്ന ഏഴംഗസംഘമാണ് അന്വേഷിക്കുക. ഡി.ഐ.ജി അജീത ബീഗം, ക്രൈംബ്രാഞ്ച് എസ്.പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എ.ഐ.ജി ജി. പൂങ്കുഴലി, കേരള പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ എന്നിവരാണ് സംഘത്തിലെ വനിത അംഗങ്ങൾ.
ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി വി. അജിത്ത്, ക്രൈംബ്രാഞ്ച് എസ്.പി മുധുസൂദനൻ എന്നിവരാണ് മറ്റംഗങ്ങൾ.
നിലവിലെ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണമാണ് നടക്കുക. വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകളെ സംഘം അങ്ങോട്ടു ബന്ധപ്പെടുകയും വിശദാംശങ്ങൾ തേടുകയുംചെയ്യും. പരാതിയുമായി മുന്നോട്ടുപോകാനും മൊഴി നൽകാനും താൽപര്യമുണ്ടോ എന്നും ചോദിക്കും. ഇവർ മൊഴി നൽകിയാൽ തുടരന്വേഷണമുണ്ടാകും.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിനും ‘അമ്മ’ ജനറൽ സെക്രട്ടറിയായിരുന്ന നടന് സിദ്ദിഖിനുമെതിരായ ആരോപണങ്ങളാണ് തുടക്കത്തിൽ അന്വേഷിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളും അന്വേഷണപരിധിയിൽ വരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

