സംവിധായകൻ അഡ്വ.കെ.എ. ദേവരാജൻ അന്തരിച്ചു
text_fieldsകോഴിക്കോട്: മുതിർന്ന സുപ്രീംകോടതി അഭിഭാഷകനും എഴുത്തുകാരനും ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അഡ്വ. കെ.എ. ദേവരാജൻ (73) അന്തരിച്ചു. വെള്ളയിൽ ജോസഫ് റോഡിലെ വീട്ടിലായിരുന്നു അന്ത്യം.
ജുഡീഷ്യൽ സർവിസിൽ ജോലി ചെയ്ത അദ്ദേഹം കുറച്ചുകാലം ഇടുക്കിയിൽ ന്യായാധിപനായിരുന്നു. ഫിലിംസ് ഡിവിഷന്റെ പാനൽ പ്രൊഡ്യൂസറായിരുന്നു. പൂമഴ, മയിൽപ്പീലി, സ്നേഹപൂർവം, ചിത്രശലഭങ്ങൾ, അനുയാനം, ചപ്പാണി, ഗോപുരം, ഗ്രാമത്തിൽനിന്നുള്ള വണ്ടി, പാവ, പരിഭവം തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കിയുള്ള സ്വപ്നമാളിക എന്ന ചിത്രം പുറത്തിറക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ജില്ല കോടതിയുടെ പരിഗണനയിലാണ്.
അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങിയയിടങ്ങളിലായി 28 രാജ്യാന്തര ചലച്ചിത്രമേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1981ൽ താഴ്വരയെന്ന ചിത്രത്തോടെയാണ് സിനിമാ മേഖലയിലേക്ക് കടന്നത്. ഇന്റർനാഷണൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ്സ് (ലണ്ടൻ), സുപ്രീംകോടതി ബാർ അസോസിയേഷൻ (ന്യൂഡൽഹി) എന്നിവയിൽ അംഗമാണ്. സുപ്രീംകോടതിയടക്കം രാജ്യത്തെ വിവിധ കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ചെന്നൈയിലെ സ്വദേശിമിത്രൻ പത്രത്തിൽ മാധ്യമ പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ പി. ശാന്ത. മക്കൾ: ദിലീപ് രാജ്.കെ (സിവിൽ എൻജിനീയർ), അഡ്വ.കെ. അപർണ, മരുമക്കൾ: അരുണ രാജൻ (സിവിൽ എൻജിനീയർ), അഡ്വ.കെ. ധനേഷ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.