ഫയൽ മോഷണവും കള്ള അവധിയും ഇവിടെ പതിവ്
text_fieldsതിരുവനന്തപുരം: 2023 മാർച്ച് 23ന് വകുപ്പ് മന്ത്രിയുടെ മിന്നൽ പരിശോധനയെ തുടർന്ന് ഏപ്രിൽ 27ന് സസ്പെൻഷനിലായ ഉന്നതൻ ജൂൺ 16നാണ് തിരികെ പ്രവേശിച്ചത്. തുടർന്ന്, മന്ത്രിയുടെ നിർദേശപ്രകാരം വകുപ്പ് വിജിലൻസ്, ഭരണ വിഭാഗം ചീഫ് എൻജിനീയർ ഓഡിറ്റ് വിഭാഗം എന്നിവരുടെ ഓഫിസുകളിൽ നിന്ന് വാസ്തുശിൽപ വിഭാഗത്തിൽ വിശദ പരിശോധന നടത്തി. സ്ഥാനക്കയറ്റം, സർക്കാർ ഫണ്ടിന്റെ ക്രമവിരുദ്ധ ഉപയോഗം തുടങ്ങി നിരവധി ചട്ടലംഘനം ഇതോടെ പുറത്തായി.
അടുത്ത കാലത്തായി, ആർക്കിടെക്ചറൽ കാര്യാലയത്തിലെ ടെക്നിക്കൽ അസിസ്റ്റന്റായ ഉദ്യോഗസ്ഥ ഇതേ ഓഫിസിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ വിജിലൻസ് ഫയലുകൾ മോഷ്ടിച്ച് ആൾമാറാട്ടം നടത്തി ദുരുപയോഗം ചെയ്തതായി മ്യൂസിയം പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച മിനിസ്റ്റീരിയൽ ജീവനക്കാരിയുടെ പരാതി മ്യൂസിയം പൊലീസ് ജി.ഡി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ കുറ്റം തെളിയിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാതെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തു കൈയൊഴിഞ്ഞു. എന്നാൽ, വകുപ്പുതലത്തിൽ ഇന്നേവരെ യാതൊരു നടപടിയും ഇവർക്കെതിരെയുണ്ടായില്ല. നടപടി സ്വീകരിക്കാതെ വകുപ്പും മൗനം പാലിക്കുന്നു.
മാസംതോറുമുള്ള കാഷ്വൽ ലീവ് സംബന്ധിച്ച വിവരങ്ങൾ കുറിക്കുകയോ കമ്യൂട്ടഡ് അവധി അനുവദിച്ചതിനുള്ള ഉത്തരവുകൾ രേഖപ്പെടുത്തുകയോ ചെയ്യാതെ ഉന്നത ഉദ്യോഗസ്ഥർ ഓഫിസിൽ പോലും വരാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥന് അനുവദിച്ച കമ്യൂട്ടഡ് ലീവ് രേഖപ്പെടുത്തിയതിലും അപാകതയുണ്ട്. 2022 ഡിസംബർ അഞ്ചു മുതൽ 2023 ജനുവരി 10 വരെ ഒരു മാസത്തെ സ്പെഷൽ കാഷ്വൽ ലീവ് അനുവദിച്ച ഇതേ ഉദ്യോഗസ്ഥന് അതിന്റെ തുടർച്ചയായി ജനുവരി 11 മുതൽ ഫെബ്രുവരി 15 വരെയുള്ള ഒരു മാസം കൂടി കമ്യൂട്ടഡ് ലീവ് അനുവദിച്ചു. എന്നാൽ, അറ്റൻഡൻസ് രജിസ്റ്ററിൽ ഇതിനു പുറമെ രണ്ട് ദിവസം കൂടി കമ്യൂട്ടഡ് ലീവ് രേഖപ്പെടുത്തി അക്കൗണ്ടന്റ് ജനറലിനെ കബളിപ്പിച്ചു.
കാഷ്വൽ ലീവ് രജിസ്റ്റർ ക്രമമായി കൈകാര്യം ചെയ്യാത്തതിനാൽ അപേക്ഷപോലുമില്ലാതെ ഇഷ്ടക്കാർക്ക് ഇഷ്ടം പോലെ അവധി നൽകുന്നതിലും യാതൊരു തടസ്സവുമില്ല. സർക്കാറിനെയോ അക്കൗണ്ടന്റ് ജനറലിനെയോ അറിയിക്കാതെ അവധിയെടുത്ത് ശമ്പളം വാങ്ങുന്നവരുമുണ്ട്. പി.ഡബ്ല്യു.ഡി ആർക്കിടെക്ചറൽ വിഭാഗം ഉന്നതരുടെ സേവനത്തിന് വൻകിട സ്വകാര്യ കമ്പനികളും വ്യക്തികളും നൽകുന്ന ഉയർന്ന വേതനവും ഇതിനു പുറമെയാണ്. പഞ്ച് ചെയ്ത ശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്ക് പുറത്തുപോയി തിരികെ വൈകീട്ട് വന്നു പഞ്ച് ചെയ്തു മടങ്ങുന്ന ജീവനക്കാരും ഇവിടത്തെ സ്ഥിരം കാഴ്ച.
സർക്കാറിനെയോ അക്കൗണ്ടന്റ് ജനറലിനെയോ അറിയിക്കാതെ 2022 നവംബർ, ഡിസംബർ മാസം മുഴുവനും എ.ജി സ്ലിപ് വാങ്ങാതെയും കള്ള അവധിയെടുത്തയാളാണ് വാസ്തുശിൽപ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ. മന്ത്രിയുടെ മിന്നൽ പരിശോധന കഴിഞ്ഞ പിറ്റേ ദിവസം ആ ഫയൽ ക്ലോസ് ചെയ്തു. ചീഫ്, ഡെപ്യൂട്ടി ചീഫ് എന്നിവരുടെ അവധി സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം വന്നതോടെ ഇവർ അങ്കലാപ്പിലായി. അറ്റൻഡൻസ് രജിസ്റ്ററിന്റെ പകർപ്പ് നൽകേണ്ടിവന്നാൽ പണിപാളുമെന്ന് മനസ്സിലാക്കിയതോടെ അടുത്ത ഉപായം കണ്ടെത്തി. അവധി ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്ലോസ് ചെയ്ത ഫയൽ സെക്രട്ടേറിയറ്റിലേക്ക് അപേക്ഷ നൽകി. പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടേറിയറ്റ് ഓഫിസിൽ അത് ക്രമപ്പെടുത്തിക്കൊടുക്കാനാളുണ്ട്. നവംബറിലെ അവധി കഴിഞ്ഞ് ഡിസംബറിൽ ജോലിയിൽ പ്രവേശിച്ച ശേഷം വീണ്ടും ഒരുമാസം അനധികൃത അവധിയെടുത്തു. ഇത് സർക്കാറിൽ അറിയിക്കാതെ പൂഴ്ത്തിവെച്ചു. ‘അനധികൃതമായി എത്ര അവധിയെടുത്താലും സർക്കാർ അറിയില്ല എന്നാണ് ഇവരുടെ നിലപാട്.
രജിസ്റ്ററിൽ ഒപ്പിടാതെയും പഞ്ച് ചെയ്യാതെയും ശമ്പളം വാങ്ങാനുള്ള കുറുക്കുവഴികളൊക്കെ ഈ ഓഫിസിൽ സുലഭം. ഇലക്ട്രോണിക് രേഖയുണ്ടായിട്ടുപോലും കാര്യമില്ലാത്ത സാഹചര്യത്തിൽ സർക്കാർ ഇ- ഓഫിസും പഞ്ചിങ്ങിനും ചെലവഴിച്ച പണമൊക്കെ വൃഥാവിലായെന്ന് സാരം. ഒരു വിഭാഗം സാങ്കേതിക ജീവനക്കാർ മിനിമം ജോലിപോലും ചെയ്യാതെ ഭീമമായ വേതനം കൈപ്പറ്റുന്നവരാണെന്ന് ചുരുക്കം. സമയബന്ധിതമായി മറുപടി നൽകേണ്ട വിവരാവകാശ അപേക്ഷകളിലും ചട്ടലംഘനവും തുടരുന്നു.
ഗസറ്റഡ്/നോൺ ഗസറ്റഡ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും മേലുദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്കും മാത്രമായി കാലങ്ങളായി താൽക്കാലിക സ്ഥാനക്കയറ്റവും മറ്റും നൽകുന്നു. അർഹരായ പലരും തഴയപ്പെടുകയും സർക്കാറിന് കടുത്ത സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. അധികാരികളുടെ വ്യക്തി താൽപര്യങ്ങളുടെ പേരിൽ മേഖല ഓഫിസുകളിൽ മൂന്നു വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് അർഹതപ്പെട്ട സ്ഥലംമാറ്റവും തടഞ്ഞുവെക്കപ്പെടുന്നു. മുൻവർഷങ്ങളിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ, പി.ഡബ്ല്യു.ഡി മാന്വൽ, സ്റ്റോർ പർച്ചേസ് മാന്വൽ എന്നിവ പരിഗണിക്കാതെ ഭരണവിഭാഗം ചീഫ് എൻജിനീയറെ നോക്കുകുത്തിയാക്കിയാണ് ക്രമക്കേടുകൾ. സെക്രട്ടേറിയറ്റിലെ വകുപ്പുതല കാര്യാലയത്തിൽ നിന്നുള്ള ഒത്താശയിലാണ് ഇതെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

