ഭീകരവാദികൾക്കെതിരായ പോരാട്ടം തുടരുമെന്ന് പി.സി. ജോർജ്
text_fieldsകോട്ടയം: തീവ്രവാദ പ്രവർത്തനത്തിനെതിരെ തുടങ്ങിവെച്ച പോരാട്ടം തുടരുമെന്ന് പി.സി. ജോർജ്. മതവിദ്വേഷ പരാമർശ കേസിൽ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഭാരതത്തെ നശിപ്പിക്കാൻ രാജ്യദ്രോഹ നടപടികളുമായും ആര് ഇറങ്ങിയാലും ആ ഭീകരവാദികൾക്കെതിരെ തുടങ്ങിവെച്ച പോരാട്ടം ശക്തമായി തുടരും. തന്‍റേടത്തോടെ മുന്നോട്ടു പോകുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല' -പി.സി. ജോർജ് വ്യക്തമാക്കി.
അതേസമയം, ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ഇനിയും ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് മകൻ ഷോൺ ജോർജ് പ്രതികരിച്ചത്. സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ പി.സി. ജോർജ് തന്നെ മാപ്പ് പറഞ്ഞതാണ്. വഖഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതാണ് ജോർജിനെതിരേ മുസ്ലിം ലീഗ് തിരിയാൻ കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു.
മകൻ എന്ന നിലയിൽ പി.സി. ജോർജിനെതിരെ കേസ് കൊടുത്തവർക്ക് നന്ദി. കേസ് ഇല്ലായിരുന്നുവെങ്കിൽ പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങൾ അറിയാൻ കഴിയില്ലായിരുന്നു. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ തയാറാകാത്ത ആളാണ് പി.സി. ജോർജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരനാണെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
'ഈരാറ്റുപേട്ടയെ ജീവന് തുല്യം സ്നേഹിച്ച പി.സി. ജോർജ്
ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ടയാക്കിയ പി.സി. ജോർജ്
ഒരു നാൾ ആ നാട് വലിയ വർഗ്ഗീയതയിലേക്ക് പോയപ്പോൾ തിരുത്താൻ ശ്രമിച്ചതാണ് പി.സി. ജോർജ് ചെയ്ത തെറ്റ്.ആ രാജ്യ വിരുദ്ധ ശക്തികളോട് കോംപ്രമൈസ് ചെയ്തിരുന്നുവെങ്കിൽ ഇന്നും പി.സി. ജോർജ് നിയമസഭയിൽ ഉണ്ടായേനെ...'- ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. ആരോഗ്യപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയായിരുന്നു.
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി.സി. ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി. ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

