പെട്ടിമുടി വീണ്ടും കരഞ്ഞു; ഉറ്റവരുടെ ഓർമകളിൽ
text_fieldsതൊടുപുഴ: ‘എൻ രാസ, നാൻ ഇങ്കെ ഇറിക്കിറേൻ ..ഒറ്റ രാത്രി കൊണ്ട് മണ്ണിലാണ്ടുപോയ ഉറ്റവരുടെ ഓർമകളുമായി എത്തിയ പ്രിയപ്പെട്ടവരുടെ സങ്കടം പറച്ചിലുകളിൽ രാജമലയിലെ തേയിലക്കാടുകൾ വിതുമ്പി. പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ അഞ്ചാം ദുരന്ത വാർഷിക ദിനത്തിൽ മണ്ണിലുറങ്ങുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പൂക്കളുമായി നൂറ് കണക്കിനാളുകളാണ് തമിഴ്നാട്ടിൽ നിന്നും മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജമലയിലേക്കെത്തിയത്.
70 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന പെട്ടിമുടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ രാജമലയിലാണ് മരണപ്പെട്ടവരുടെ കല്ലറകൾ. മരിച്ച എല്ലാവരേയും ഒരേയിടത്ത് തന്നെയാണ് സംസ്കരിച്ചത്. മരണപ്പെട്ടവരുടെ മക്കളും രക്ഷിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കമുള്ളവർ രാവിലെതന്നെ രാജമല കയറി എത്തിയിരുന്നു. വന്നവരെല്ലാം പൂക്കൾ മാലയായി കോർത്ത് കല്ലറകൾക്ക് മുകളിൽ ചാർത്തി.
ചുറ്റും പൂക്കളും വിതറി. തുടർന്ന് പെട്ടിമുടിയിൽ ലയങ്ങൾ ഉണ്ടായിരുന്ന സ്ഥലത്തെത്തിയും പുഷ്പാർച്ചന നടത്തി. ഉരുൾ പതിച്ചയിടം ഇന്ന് പൂർണമായും കാട് മൂടിയ നിലയിലാണ്. 22 ലയങ്ങളാണ് (വീടുകൾ) അന്ന് ഉരുൾ കൊണ്ട് പോയത്. ദുരന്തത്തിൽ അവശേഷിച്ചവരും മക്കളെയും പേരക്കുട്ടികളെയും നഷ്ടപ്പെട്ടവരും പ്രായമായവരുമടക്കം പല സംഘങ്ങളായി ബുധനാഴ്ച രാവിലെ മുതൽ രാജമലയിലേക്കെത്തി. ഓരോ കല്ലറക്കടുത്തും മക്കളുടെയും ബന്ധുക്കളുടെയും പേര് പറഞ്ഞ് മറ്റുള്ളവർക്ക് ചൂണ്ടിക്കാണിച്ച് നൽകുന്നവരെ കാണാമായിരുന്നു.
മാർബിൾ പാളികളിൽ കൊത്തി വെച്ച പേരുകളിൽ തലോടി പലരും വിങ്ങിപ്പൊട്ടി. മണ്ണിലാണ്ട തങ്ങളുടെ പ്രിയപ്പെട്ടവർക്കരികെ മണിക്കൂറുകളോളം ചിലവഴിച്ച് വൈകീട്ടോടെയാണ് പലരും സ്വദേശത്തേക്ക് മടങ്ങിയത്. 2020 ആഗസ്റ്റ് ആറിന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്ന് ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മുകളിൽ പതിച്ചത്. നാല് ലയങ്ങളിലായി ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കമുള്ളവർ മണ്ണിലാണ്ടു. ഇവരിൽ 66 മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും നാലുപേരെ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

