ഉത്സവത്തിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊന്നു
text_fieldsതേജസ്
കൊട്ടിയം: ഉത്സവ കെട്ടുകാഴ്ചക്കിടെ ഫ്ലോട്ടിന് മുന്നിൽ നൃത്തംചെയ്യവേ കാലിൽ ചവിട്ടിയെന്നാരോപിച്ച് 19കാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സജീവ മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടി എന്ന തേജസിനെയാണ് (19) അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒളിവിൽ പോയ പ്രതികളെ എട്ട് മണിക്കൂറിനുള്ളിൽ വെളിച്ചിക്കാലയിലെ സുഹൃത്തിന്റെവീട്ടിൽനിന്ന് കൊട്ടിയം പൊലീസ് പിടികൂടി. ആക്രമികളെ ഒളിപ്പിച്ച യുവാവുൾപ്പെടെ ആറുപേരെ ഞായറാഴ്ച പുലർച്ച കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ (19), വിനു (26), പ്രിജിത്, അഖിൽരാജ് (29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂരിലെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചക്കിടെയായിരുന്നു ആക്രമണം. പ്രതികളുടെ വീടിന് സമീപത്തുകൂടി കടന്നുപോയ ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുകയായിരുന്ന തേജസ് പ്രതികളിലൊരാളുടെ കാലിൽ അറിയാതെ ചവിട്ടി. ഇതിൽ പ്രകോപിതരായ ആദിത്യനും സുഹത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദിച്ചു.
ആദിത്യൻ കത്തി കൊണ്ട് തേജസിന്റെ വയറ്റിലും ഇടുപ്പിലും മൂത്തുതവണ കുത്തി. വലിയ ശബ്ദം കാരണം തേജസിന്റെ നിലവിളി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കൃത്യത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് മുങ്ങി. നൃത്തം ചെയ്യുന്നതിനിടെ വീണതാകാം എന്ന ധാരണയിൽ ഫ്ലോട്ട് കടന്നുപോയ ശേഷം ചിലർ തേജസിനെ റോഡരികിലേക്ക് നീക്കിക്കിടത്തി. അതുവഴി വന്ന സുഹൃത്തുക്കൾ തേജസിനോട് വിവരം തിരക്കിയപ്പോഴാണ് കുത്തേറ്റ വിവരം പറഞ്ഞത്. വാഹനങ്ങൾക്ക് കൈകാണിച്ചിട്ട് പലരും നിർത്തിയില്ല. പിക് അപ് ഓട്ടോറിക്ഷയിൽ പാലത്തറ സഹകരണ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.30ഓടെ മരിച്ചു.
ചാത്തന്നൂർ എ.സി.പി അനുരൂപിന്റെ നേതൃത്വത്തിൽ കൊട്ടിയം ഇൻസ്പെക്ടർ അജിത്കുമാർ, എസ്.ഐ കെ. സൗരവ്, സി.പി.ഒ ഹരിഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളുമാണ് ഞായറാഴ്ച പുലർച്ച 4.30ഓടെ പ്രതികളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. മറ്റ് നാലുപേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

