രാസവളത്തിന് പൊള്ളുന്ന വില: നടുവൊടിഞ്ഞ് കർഷകർ
text_fieldsതൊടുപുഴ: സംസ്ഥാനത്തെ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ രാസവളങ്ങൾക്കും കീടനാശിനികൾക്കും വിലക്കയറ്റം. കറുത്ത പൊന്നിനും ഏലത്തിനും വളമിടേണ്ട നിർണായക സമയത്തെ വിലക്കയറ്റവും വളം ക്ഷാമവും കടുത്ത പ്രതിസന്ധിയിലേക്കാണ് കാർഷിക മേഖലയെ കൊണ്ടുപോകുന്നത്.
രണ്ടാഴ്ചക്കിടെ വൻ വർധനവാണുണ്ടായതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പ്രധാന സബ്സിഡി വളങ്ങളായ ഫാക്ടം ഫോസ്, പൊട്ടാഷ് എന്നിവക്കാണ് വില കുതിച്ചുയർന്നത്. കാലവർഷത്തിന് മുന്നോടിയായി റബറിനും കുരുമുളകിനും കുമിൾനാശിനിയായി ഉപയോഗിക്കുന്ന തുരിശിന്റെ വില ഇരട്ടിയായി. മൂന്നുമാസം മുമ്പ് കിലോ 300 രൂപയുണ്ടായിരുന്ന തുരിശിന് ഇപ്പോൾ 600 രൂപയാണ്. 1,375 രൂപയുണ്ടായിരുന്ന ഫാക്ടംഫോസ് 1,800ലെത്തി. ഇത് ഉടൻ 2,000ത്തിലെത്തുമെന്ന് വിൽപനക്കാർ ചൂണ്ടിക്കാട്ടുന്നു. പൊട്ടാഷ് വിലയും വൻതോതിൽ വർധിക്കുകയാണ്. 1,975 രൂപയുണ്ടായിരുന്നത് ഇപ്പോൾ 2,050 ആണ്.
വിവിധയിനം സ്പ്രേ വളങ്ങൾക്കും വില കൂടി. ഇടുക്കിയിലെ പ്രധാന കൃഷികളിലൊന്നായ ഏലത്തിന് വളമിടാൻ മികച്ച സമയമാണിപ്പോൾ. ഈ സമയത്ത് വളത്തിന് വിലകൂടിയതും ലഭ്യത കുറഞ്ഞതും കർഷകർക്ക് തിരിച്ചടിയായി. യുദ്ധസാഹചര്യങ്ങളെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിലുണ്ടായ കുറവാണ് വർധനക്ക് കാരണമെന്നാണ് വളം വ്യാപാരികൾ പറയുന്നത്. നിലവിലെ പ്രതിസന്ധി നീണ്ടുപോയാൽ വളം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.
വളം വിലവർധന കൊക്കോ, കാപ്പി, റബർ, കുരുമുളക്, തെങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങി എല്ലാ കൃഷിയെയും ബാധിക്കും. അംഗീകൃത വളം ഡിപ്പോ നടത്തിപ്പുകാരും വിലവർധനവിനെ തുടർന്ന് പ്രതിസന്ധിയിലാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ ഉൽപാദനത്തെ ബാധിക്കും. നെല്ല് , പച്ചക്കറി, നാണ്യവിളകൾ എന്നിവയുടെ ഉൽപാദനച്ചെലവും ഗണ്യമായി വർധിച്ചു. അതേ സമയം, കർഷകരുടെ ഉൽപന്നങ്ങൾക്ക് വിപണിയിൽ വേണ്ടത്ര വില ലഭിക്കുന്നില്ല. ഇത് ഉൽപാദനത്തെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

