രാസവളം വില കുതിക്കുന്നു; കര്‍ഷകർ ആശങ്കയിൽ
text_fieldsപാലക്കാട്: കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയിൽ കാർഷിക മേഖല ഉണർന്നതോടെ രാസവളം സംഘടിപ്പിക്കാൻ കർഷകർ പാട് പെടുന്നു. കേന്ദ്ര സർക്കാർ രാസവള കമ്പനികൾക്ക് നൽകുന്ന സബ്സിഡി തുകയിൽ വൻ കുറവ് വരുത്തിയതും, വളം നിർമാണത്തിനാവശ്യമായ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് വർധിച്ചതും വില വർധനക്ക് കാരണമായി.
പശ്ചിമേഷ്യൻ സംഘർഷം ചരക്ക് ഗതാഗതത്തെ ബാധിച്ചതും തിരിച്ചടിയായി. വിലവർധന നെല്ല്, തെങ്ങ്, റബർ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആവശ്യമായ വളം ലഭിക്കണമെങ്കിൽ മറ്റ് വളങ്ങൾ വാങ്ങണമെന്ന നിബന്ധനയും കർഷകർക്ക് പൊല്ലാപ്പായി. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെ മൂന്ന് വര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. ചാക്കിന് 250 രൂപയോളം വർധിച്ച് 1,800 രൂപ മുതൽ 1,975 രൂപ വരെയായി ഉയർന്നു.
മിക്ക മിശ്രിത വളങ്ങളുടെയും പ്രധാനഘടകം പൊട്ടാഷായതിനാല് ഇവയുടെയും വില കൂടി. നെല്‍ കര്‍ഷകരുടെ പ്രധാന ആശ്രയമായ ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വിലയും വര്‍ധിച്ചു. മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, എന്‍.പി.കെ മിശ്രിത വളം, രാജ്ഫോസ്, ഫാക്ടംഫോസ്, 16:16:16 എന്നിവയുടെ വിലയും കൂടി. 2021 ലേതിനേക്കാള്‍ ഇരട്ടി വിലയാണ് പൊട്ടാഷിന്. യൂറിയക്ക് മാത്രമേ നിലവില്‍ വില നിയന്ത്രണമുള്ളൂ. യൂറിയ വില മാറ്റമില്ലാതെ 266 രൂപയിൽ തുടരുന്നുണ്ടെങ്കിലും വിപണിയിൽ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മറ്റ് വളങ്ങളുടെ സബ്സിഡി വെട്ടിക്കുറക്കുകയും ചെയ്തു. 2023-24 ല്‍ ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങള്‍ക്ക് 65,199.58 കോടി രൂപ സബ്സിഡി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

