സ്കൂൾ വരാന്തയിൽ പരസ്യമായി മദ്യപിച്ച് വിദ്യാർഥിനികൾ; പ്രധാനാധ്യാപികക്ക് സ്ഥലംമാറ്റം
text_fieldsതക്കല: രണ്ട് പ്ലസ് ടു വിദ്യാർഥിനികൾ സ്കൂൾ യൂണിഫോമിൽ മദ്യപിച്ച സംഭവത്തിൽ പ്രധാനാധ്യാപികക്കെതിരെ തുടർനടപടിക്ക് ശിപാർശ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തക്കല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ് ടു വിദ്യാർഥിനികൾ സ്കൂൾ യൂണിഫോമിൽ മദ്യപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സംഭവം സ്കൂൾ കെട്ടിടത്തിലെ വരാന്തയിൽ നടന്നതാണെന്ന് കണ്ടെത്തി.
ഇതിനെ തുടർന്ന് സ്കൂൾ പ്രധാനാധ്യാപിക പ്രമിള ഇവാഞ്ചിലിനെ വടശേരി സർക്കാർ സ്കൂളിലേക്ക് സ്ഥലംമാറ്റി ജില്ലാ ചീഫ് എജുക്കേഷണൽ ഓഫീസർ പ്രിൻസ് ആരോഗ്യരാജ് ഉത്തരവിട്ടു. അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ രണ്ട് വിദ്യാർഥിനികൾ ജൂലൈയിൽ സ്കൂൾ ബാഗിൽ കൊണ്ടുവന്ന മദ്യക്കുപ്പി തുറന്ന് ക്ലാസ് മുറിയുടെ വരാന്തയിൽവച്ച് മദ്യപിക്കുകയായിരുന്നു. സഹപാഠികൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി പ്രധാനാധ്യാപികയെ അറിയിച്ചിരുന്നു. എന്നാൽ, സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കാതെ വിദ്യാർഥിനികളിൽ നിന്ന് സംഭവം വീട്ടിൽ വെച്ച് നടന്നതാണെന്ന് എഴുതി വാങ്ങിയെന്നാണ് ആരോപണം.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം ജില്ലാ ചീഫ് എജുക്കേഷണൽ ഓഫീസറുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളിലെത്തി അന്വേഷണം നടത്തി. അന്വേഷണത്തിലാണ് മദ്യപാനം സ്കൂൾ വരാന്തയിലാണ് നടന്നതെന്ന് സ്ഥിരീകരിച്ചത്. പ്രധാനാധ്യാപികക്കെതിരെ തുടർനടപടിക്ക് വിദ്യാഭ്യാസ വകുപ്പിന് ശിപാർശ ചെയ്തതായി ജില്ലാ ചീഫ് എജുക്കേഷണൽ ഓഫീസർ അറിയിച്ചു. വിദ്യാർഥികൾക്ക് മദ്യം എത്തിച്ചുനൽകിയത് ആരാണെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

