അമ്മയില്‍ നിന്ന് അകറ്റിയ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ വനിത പോലീസ് രമ്യയ്ക്ക് ആദരം
text_fieldsകുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥ എം.ആര്‍. രമ്യയെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രമ്യയെയും കുടുംബത്തെയും പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമന്‍റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വനിത പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും സംസ്ഥാന പോലീസ് മേധാവി രമ്യയ്ക്ക് സമ്മാനിച്ചു. പോലീസിന്‍റെ ഏറ്റവും നല്ല മുഖമാണ് ഈ ഓഫീസറെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവതി ചേവായൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്. തര്‍ക്കത്തെത്തുടര്‍ന്ന് കുട്ടിയെ അച്ഛന്‍, അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി പിതാവ് ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയില്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുല്‍ത്താന്‍ ബത്തേരി പോലീസ് കണ്ടെത്തിയിരുന്നു.
മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് കണ്ടെത്തി. തുടർന്ന് കുഞ്ഞിന് രമ്യ മുലപ്പാൽ നൽകുകയായിരുന്നു. അന്ന് രാത്രിയോടെ കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു.
നാലുവര്‍ഷം മുമ്പ് പോലീസ് സേനയില്‍ ചേര്‍ന്ന രമ്യ കോഴിക്കോട് ചിങ്ങപുരം സ്വദേശിയാണ്. നാലും ഒന്നും വയസ്സുളള രണ്ടു കുട്ടികളുടെ മാതാവാണ്. മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ എല്‍.പി.സ്കൂള്‍ അധ്യാപകന്‍ അശ്വന്ത് വിശ്വന്‍.വി.ആര്‍ ആണ് ഭര്‍ത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

