കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിത ഡ്രൈവർ മരിച്ച സംഭവം: വ്യാപക പ്രതിഷേധം
text_fieldsവടക്കഞ്ചേരി: മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണംവിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, വടക്കഞ്ചേരി മേഖലയില്‍ നിരന്തരമായി കാട്ടുപന്നി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും വനംവകുപ്പും പഞ്ചായത്തും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധം കനക്കാൻ കാരണമായത്. പുതിയ ഉത്തരവുകളനുസരിച്ച് പഞ്ചായത്തുകള്‍ക്കാണ് കാട്ടുപന്നികളെ വെടിവെച്ച് നശിപ്പിക്കാൻ അധികാരമുള്ളത്.
എന്നാല്‍, ഭൂരിഭാഗം പഞ്ചായത്തുകളും തടസ്സം നിരത്തി കാര്യക്ഷമമായ രീതിയില്‍ ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം. പന്നിയെ വെടിവെക്കാൻ തോക്ക് ഉടമക്ക് ഉണ്ടാകുന്ന ചെലവുകള്‍ കണ്ടെത്താൻ പഞ്ചായത്തുകള്‍ ഫണ്ട് മാറ്റിവെക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന്റെ ഉത്തരവുണ്ടെങ്കിലും പഞ്ചായത്തുകള്‍ അത് പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
കിഴക്കഞ്ചേരി പഞ്ചായത്തില്‍പ്പെട്ട പാലക്കുഴിയിലെ 25 കര്‍ഷകര്‍ കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവെച്ച് കൊല്ലാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ അപേക്ഷ നല്കിയപ്പോള് രണ്ട് പേരുടെ പറമ്പില്‍ എത്തുന്ന പന്നികളെ കൊല്ലാൻ മാത്രമാണ് തോക്ക് ലൈസൻസിക്ക് അനുമതി നല്‍കിയത്. അതും പന്നി പറമ്പില്‍ കൃഷി നശിപ്പിക്കുന്ന സമയത്ത് വെടിവച്ച് കൊല്ലണമെന്നാണ് പറഞ്ഞിട്ടുള്ളത്. മനുഷ്യ സാന്നിധ്യം പെട്ടെന്നറിയുന്ന പന്നികളെ ഇത്തരത്തില്‍ പിടികൂടുന്നത് പ്രായോഗികമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. മറ്റു കര്‍ഷകർ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോൾ.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച വിജിഷയുടെ മൃതദേഹം കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. മംഗലംഡാം സി.ഐ സബീര്പാഷ, എസ്.ഐ ജെ. ജമേഷ്, മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ.എ. മുഹമ്മദ് ഹാഷിം, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് പി.എം. കലാധരൻ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. വിജിഷയുടെ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഞെട്ടല്‍ വിട്ടുമാറാതെ കുട്ടികള്‍
മംഗലംഡാം: കരിങ്കയത്ത് പന്നി ചാടി നിയന്ത്രണംവിട്ട് ഓട്ടോ മറിഞ്ഞ് വനിത ഡ്രൈവര്‍ മരിച്ച അപകടത്തില്‍ കുട്ടികള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത് മനോധൈര്യത്തില്‍. അപകടം ഉറപ്പായപ്പോള്‍ ഓട്ടോയില്‍ ഉണ്ടായിരുന്ന നാല് കുട്ടികളും സീറ്റില്‍ തന്നെ പരസ്പരം വട്ടം പിടിച്ചിരിക്കുകയായിരുന്നു. ഇതിനാല്‍ ഓട്ടോമറിഞ്ഞിട്ടും ഇവര്‍ പുറത്തേക്ക് തെറിച്ചില്ല. ഇത് പരിക്കുകള്‍ കുറച്ചു. 12 വയസ്സുകാരായ അമേയ, ടോമിലിൻ, ഒമ്പത് വയസുകാരൻ അനയ്, മൂന്നര വയസ്സുകാരൻ ജുവാൻ എന്നിവരാണ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്നത്. ജുവാൻ മറ്റൊരാളുടെ മടിയിലായിരുന്നതിനാല് പരിക്കേറ്റില്ല.
ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ വിജിഷ പുറത്തേക്ക് തെറിച്ച് റോഡില്‍ തലയടിച്ചു വീണു. റോഡിനു കുറുകെ പന്നി ചാടി ഓടിയതിനു പിന്നാലെ മറ്റൊരു പന്നികൂടി ചാടി ഇടിച്ചപ്പോള്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടികള്‍ പറഞ്ഞു.
അമ്മയെപ്പോലെ സ്നേഹിച്ചും താലോലിച്ചും തങ്ങളെ വര്‍ഷങ്ങളായി സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന ഓട്ടോ ഡ്രൈവര്‍ വിജിഷയുടെ മരണവാര്‍ത്ത കുട്ടികള്‍ക്കും വലിയ വിഷമമായി. പതിവുപോലെ വിശേഷങ്ങള്‍ പങ്കുവെച്ച് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി റോഡരികിലെ റബര്‍ തോട്ടത്തില്‍നിന്ന് രണ്ടു പന്നികള്‍ ചാടി തേക്കിൻ കാട്ടിലേക്ക് പാഞ്ഞത്. ഇവ ഓട്ടോയില്‍ തട്ടി വാഹനം നിയന്ത്രണംവിടുകയായിരുന്നെന്ന് കുട്ടികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

