പ്രകടനത്തിന് ഫീസ്: സേവനത്തെക്കുറിച്ച് അപേക്ഷകരെ അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പൊലീസ് ഫീസ് ഏർപ്പെടുത്തുമ്പോൾ എന്തുതരം സേവനമാണ് നൽകുന്നതെന്ന് അപേക്ഷകരെ അറിയിക്കണമെന്ന് ഹൈകോടതി. ഫീസ് ഏർപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന സംഘടന നൽകിയ ഹരജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് ഇടക്കാല ഉത്തരവ്.
സാധാരണഗതിയിൽ എന്തെങ്കിലും സേവനം നൽകുമ്പോഴാണ് ഫീസ് ഏർപ്പെടുത്തുന്നത്. സെപ്റ്റംബർ പത്തിലെ ഉത്തരവിൽ എന്ത് സേവനങ്ങൾക്കാണ് ഫീസെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശദീകരണത്തിന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. അതുവരെ ഇത്തരത്തിൽ ഫീസ് ഏർപ്പെടുത്തുമ്പോൾ നൽകുന്ന സേവനങ്ങൾ എന്തൊക്കെയെന്ന് പൊലീസ് വിശദീകരിക്കണമെന്നാണ് നിർദേശം.
ഫീസ് ഏർപ്പെടുത്തുന്നത് സമാധാനപരമായി ഘോഷയാത്ര നടത്താൻ ഭരണഘടന നൽകുന്ന മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം. ഉദ്യോഗസ്ഥതല ഉത്തരവിലൂടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കാൻ സർക്കാറിന് കഴിയില്ല. ഘോഷയാത്രകൾക്കും പ്രകടനങ്ങൾക്കും നികുതി ചുമത്തുന്നതിന് തുല്യമാണിതെന്നും ഹരജിയിൽ പറയുന്നു.
വിഷയം ഹൈകോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഫീസ് ഏർപ്പെടുത്തിയ ഉത്തരവ് നടപ്പാക്കുന്നത് ഡി.ജി.പി നേരത്തേ മരവിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

