നികത്തുഭൂമിയിലെ നിർമാണത്തിന് ഫീസ്; നിയമ ഭേദഗതി ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നികത്തിയ ഭൂമിയിലെ 3000 ചതുരശ്രയടിയിലധികം വരുന്ന നിർമാണങ്ങൾക്ക് ചതുരശ്രയടിക്ക് 100 രൂപ വീതം ഫീസ് അടക്കണമെന്ന ചട്ടഭേദഗതി ഹൈകോടതി റദ്ദാക്കി. ഭേദഗതി 2008ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനും ഭരണഘടനാവകാശത്തിനും വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്. ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
നെൽവയൽ തണ്ണീർത്തട നിയമത്തിൽ 2018 ആഗസ്റ്റ് 13ന് ഭേദഗതി വരുത്തി അധിക ഫീസ് ചുമത്തിയതിനെയാണ് ഹരജിക്കാർ ചോദ്യം ചെയ്തത്. തണ്ണീർത്തട നിയമപ്രകാരം നിശ്ചിത ഫീസ് അടച്ചാണ് നെൽവയൽ നികത്തലിന് അനുമതി വാങ്ങിയിട്ടുള്ളത്. കെട്ടിട നിർമാണ സമയത്ത് വീണ്ടും ഫീസ് ഈടാക്കുന്നത് നിയമപരമല്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, നികത്ത് ഭൂമിയിൽ വൻകിട നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കാനാണ് ചട്ടഭേദഗതിയെന്നും ഇതിലൂടെ ലഭിക്കുന്ന തുക നെൽകർഷകരുടെ ആശ്വാസഫണ്ടിലാണ് നിക്ഷേപിക്കുന്നതെന്നുമായിരുന്നു സർക്കാറിന്‍റെ വാദം. അതേസമയം, ഇത്തരമൊരു ഭേദഗതിക്ക് 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുമതി നൽകുന്നില്ലെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
സെക്ഷൻ 27എ (മൂന്ന്) പ്രകാരം ഒരിക്കൽ അനുമതി ലഭിച്ചാൽ പിന്നീട് ഇതിന്‍റെമേൽ മറ്റൊരു ഫീസ് ബാധകമാവില്ല. സ്വത്തവകാശം ഭരണഘടനാനുസൃതമാണ്. സ്വന്തം ഭൂമിയിൽ നിർമാണത്തിനും ഉടമസ്ഥന് അവകാശമുണ്ട്. ഒരിക്കൽ തുക നൽകി അനുമതി വാങ്ങിയ സ്ഥലത്ത് നിർമാണത്തിന് വീണ്ടും ഫീസ് നൽകേണ്ടി വരുന്നത് ഭരണഘടനാവകാശത്തിന് വിരുദ്ധമാകും. നിയമപരമായി അനുവദനീയമല്ലാത്ത നികുതിയോ ഫീസോ സെസോ ഈടാക്കുന്നതും ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. അപേക്ഷ ലഭിച്ചാൽ, അധിക ഫീസ് ഈടാക്കാതെതന്നെ നിർമാണ അനുമതി നൽകണമെന്ന് കോടതി നിർദേശിച്ചു. അധിക ഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ നാലു മാസത്തിനകം തുക തിരികെ നൽകാനും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.