രാജ്യത്ത് നിർഭയ മാധ്യമ പ്രവർത്തനം അസാധ്യമായി -മന്ത്രി റിയാസ്
text_fieldsകാലിക്കറ്റ് പ്രസ്ക്ലബിന്റെ മികച്ച മുഖപ്രസംഗത്തിനുള്ള തെരുവത്ത് രാമൻ അവാർഡ് മന്ത്രി
പി.എ. മുഹമ്മദ് റിയാസ് ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീമിന് സമ്മാനിക്കുന്നു
കോഴിക്കോട്: രാജ്യത്ത് നിർഭയ മാധ്യമ പ്രവർത്തനം അസാധ്യമായ സാഹചര്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കറ്റ് പ്രസ്ക്ലബിന്റെ തെരുവത്ത് രാമൻ അവാർഡ് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തിൽ സർക്കാറുകളെ മാധ്യമങ്ങൾ വിമർശിക്കുന്നത് സ്വാഭാവികമാണ്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഭരണ സംവിധാനങ്ങളും വിമർശനത്തിനപ്പുറത്തല്ല. മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുന്ന കാലമാണിത്. രാജ്യത്ത് വിമർശനങ്ങളോട് സ്വീകരിക്കുന്ന സമീപനം ഭീകരമാണ്. മാധ്യമപ്രവർത്തകർ ശരിയായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുമ്പോൾ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്.
അതേസമയം, നിർഭയ മാധ്യമപ്രവർത്തനം നടത്താനുള്ള അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിന് വലിയ ബഹുമാനവും പ്രാധാന്യവും നൽകി മുന്നോട്ടുപോകുന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്. എങ്ങനെ വേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരികുവത്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കണമെന്നതാണ് എന്നും ‘മാധ്യമ’ത്തിന്റെ നിലപാടെന്നും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആ നിലപാട് തുടരുമെന്നും അവാർഡ് ഏറ്റുവാങ്ങി വി.എം. ഇബ്രാഹീം പറഞ്ഞു. 2023 ഫെബ്രുവരി 14ന് ‘മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ച ‘മലയാളി എങ്ങനെ നിവർന്നുനിൽക്കും’ എന്ന മുഖപ്രസംഗത്തിനാണ് 15,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ്. രണ്ടാം തവണയാണ് വി.എം. ഇബ്രാഹീമിന് തെരുവത്ത് രാമൻ പുരസ്കാരം ലഭിക്കുന്നത്.
മാധ്യമ പ്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറർ വി. പ്രജിത് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. സെക്രട്ടറി പി.കെ. സജിത് സ്വാഗതവും കെ. രേഷ്മ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

