പ്രളയഭീതി.. ഉരുൾ... ജാഗ്രത; ആറു മരണം കൂടി, നാലുപേരെ കാണാതായി
text_fieldsഉരുൾപൊട്ടലുണ്ടായ കണ്ണൂർ നെടുംപൊയിൽ വെള്ളറ കോളനിയിൽ കാണാതായ ചന്ദ്രനുവേണ്ടി നടന്ന രക്ഷാപ്രവർത്തനം. തുടർന്ന് വീടിന്
രണ്ടര കിലോമീറ്റർ അകലെനിന്ന് മൃതദേഹം ലഭിച്ചു
തിരുവനന്തപുരം: പ്രളയ ഭീതി വിതച്ച് സംസ്ഥാനത്ത് മഴ കനക്കുന്നു. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ആറു പേർകൂടി മരിച്ചു. കണ്ണൂർ പേരാവൂരിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണിച്ചാർ പഞ്ചായത്തിലെ നെടുംപുറംചാൽ നദീറയുടെ മകൾ നൂമ തസ്മീൻ (രണ്ടര), വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55), അരുവിക്കൽ രാജേഷ് (45) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം മുണ്ടക്കയം കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട് കാണാതായ റിയാസിന്‍റെയും (45) കോതമംഗലം ഉരുളൻതണ്ണിയിൽ വനത്തിൽ കാണാതായ പൗലോസിന്‍റെയും (65) മുളന്തുരുത്തിയിൽ കാണാതായ ടി.ആർ. അനീഷിന്‍റെയും (36) മൃതദേഹം കണ്ടെത്തി. ഇതോടെ മഴക്കെടുതിയിലും കടൽക്ഷോഭത്തിലും മരിച്ചവരുടെ എണ്ണം 13 ആയി. അതേ സമയം, ചാവക്കാട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല.
തിരുവനന്തപുരം പുല്ലൂവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് ഇനിയും കണ്ടെത്താനാവാത്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഫൈബർ വഞ്ചി തിരയിൽപെട്ട് മറിഞ്ഞത്. കാണാതായ ഫൈബർ വഞ്ചിയും വലയുൾപ്പെടെ ഉപകരണങ്ങളും കരക്കടിഞ്ഞു. പത്തനംതിട്ടയിൽ പമ്പയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ റജി (54), കൊല്ലത്ത് ഇത്തിക്കരയാറിൽ കുണ്ടുമൺ ഭാഗത്ത് കുളിക്കാനിറങ്ങിയ കിളികൊല്ലൂർ അനുഗ്രഹ നഗർ സജീന മൻസിലിൽ നൗഫൽ (21) എന്നിവർക്കായി തിരച്ചിൽ തുടരുന്നു.
വടക്കൻ ജില്ലകളിൽ ജാഗരൂകരാകണം -മുഖ്യമന്ത്രി
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ മേഖലയിലെ ജനങ്ങൾ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്ര ജല കമീഷന്‍റെ മുന്നറിയിപ്പ് പ്രകാരം പമ്പ (മാടമണ്‍), നെയ്യാര്‍ (അരുവിപ്പുറം), മണിമല (പുലകയര്‍), മണിമല (കല്ലൂപ്പാറ), കരമന (വെള്ളകടവ്) എന്നീ നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലാണ്. അച്ചന്‍കോവില്‍ (തുമ്പമണ്‍), കാളിയാര്‍(കലമ്പുര്‍), തൊടുപുഴ (മണക്കാട്), മീനച്ചില്‍ (കിടങ്ങൂര്‍) നദികളിലും ജലനിരപ്പ് ഉയരുകയാണ്. നദികളുടെ കരകളിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
ദേശീയ ദുരന്തനിവാരണ സേന ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
10 ജില്ലകളിൽ റെഡ് അലർട്ട്
അതിതീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ അംഗൻവാടികൾ മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. നിറപുത്തരി ചടങ്ങിനായി ശബരിമല നട ബുധനാഴ്ച തുറക്കും. ആഗസ്റ്റ് നാലുവരെ അറബിക്കടല്‍ പ്രക്ഷുബ്ധമാകാനും മൂന്നുമുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ആഗസ്റ്റ് നാലു വരെ മത്സ്യബന്ധനം പാടില്ല.
95 ദുരിതാശ്വാസ ക്യാമ്പുകളിലായി 2291 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിലാണ് കൂടുതൽ ക്യാമ്പുകൾ -25. മൂന്നു ദിവസത്തെ മഴയിൽ 27 വീടുകൾ പൂർണമായും 126 വീടുകൾ ഭാഗികമായും തകർന്നു.
പരീക്ഷകൾ മാറ്റി
എം.ജി, കേരള, കാലിക്കറ്റ് സർവകലാശാലകൾ ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട്. ബുധനാഴ്ച ഏറ്റുമാനൂർ പ്രാദേശിക കാമ്പസിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇന്റർനാഷനൽ സ്പാ തെറപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമത പരീക്ഷയും അഭിമുഖവും ആഗസ്റ്റ് 11ലേക്കു മാറ്റി. രണ്ടാം സെമസ്റ്റർ ബി.എ റീഅപ്പിയറൻസ് പരീക്ഷകൾ ആഗസ്റ്റ് 10, 11 തീയതികളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

