തോൽവി ഭയം, സി.പി.ഐ സ്ഥാനാർഥികളിൽ മാറ്റമില്ല; മന്ത്രിമാരിൽ ചിഞ്ചുറാണിയുടെ മണ്ഡലം മാറും
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ വിജയം ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങളുമായി സി.പി.ഐ. രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്തി പുതിയവരെ മത്സരിപ്പിക്കുക എന്ന ടേം വ്യവസ്ഥ നടപ്പാക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം തത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നാണ് ധാരണ. സി.പി.ഐ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി എന്നിവർ വീണ്ടും സ്ഥാനാർഥികളാകും. സ്ഥാനാർഥികളെ മാറ്റിയാൽ തോൽവി നേരിടുമോ എന്ന ഭയം പാർട്ടിക്ക് ഇല്ലാതില്ല.
ഒല്ലൂരിൽ കെ. രാജൻ മൂന്നാം തവണയും നെടുമങ്ങാട് ജി.ആർ. അനിലും ചേർത്തലയിൽ പി. പ്രസാദും മത്സരിക്കും. ചേർത്തലയിൽ ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നെങ്കിലും പ്രസാദിന്‍റെ ജനപിന്തുണയിൽ അത് മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, മന്ത്രി ജെ. ചിഞ്ചുറാണി വീണ്ടും മത്സരിക്കുമെങ്കിലും ചടയമംഗലം മണ്ഡലം മാറും. മണ്ഡലം മാറിയാൽ ചടയമംഗലത്ത് പുതുമുഖം സി.പി.ഐ സ്ഥാനാർഥിയാകും. എന്നാൽ, പാർട്ടി സ്ഥാനാർഥികൾ ആരെല്ലാമാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചും തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തിൽ സ്ഥാനാർഥികൾ സംബന്ധിച്ച പ്രാഥമിക ധാരണ ഉണ്ടായേക്കും.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും യു.ഡി.എഫിലെ മുന്നേറ്റവും സി.പി.എം, സി.പി.ഐ അടക്കമുള്ള എൽ.ഡി.എഫിലെ പാർട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ള, പിണറായി സർക്കാറിനെതിരായ വികാരം അടക്കമുള്ള കാര്യങ്ങൾ സർക്കാരിനും മുന്നണിക്കും തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നാണ് പൊതു വിലയിരുത്തൽ.
2020ൽ 6.93 ശതമാനം വോട്ടാണ് സി.പി.ഐ നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 5.58 ശതമാനം മാത്രമാണ് പാർട്ടി നേടിയത്. വിവിധ കോർപറേഷനുകളിൽ 28 കൗൺസിലർമാർ നിലവിൽ ഉണ്ടായിരുന്നു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 28 എന്നത് 12 കൗൺസിലറായി കുറഞ്ഞിട്ടുണ്ട്. ത്രിതല തദ്ദേശ സ്ഥാപനങ്ങളിൽ സി.പി.ഐക്ക് 2283 പ്രതിനിധികൾ നിലവിൽ ഉണ്ടായിരുന്നു.
1018 പ്രതിനിധികൾ മാത്രമാണ് ഇത്തവണ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ ഇരുനൂറിലധികം പ്രതികളുടെ കുറവാണ് എൽ.ഡി.എഫിലെ രണ്ടാമത്തെ പാർട്ടിക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

