എഫ്.സി.ആർ.എ ചട്ട ഭേദഗതി എൻ.ജി.ഒകളെ ശ്വാസം മുട്ടിക്കും
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതുതായി വിജ്ഞാപനം ചെയ്ത വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതികൾ (എഫ്.സി.ആർ.എ) രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രവർത്തന സ്വാതന്ത്ര്യത്തെ കവർന്നെടുക്കുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിൽനിന്ന് പിൻവലിച്ച ബില്ലാണ് ചട്ട ഭേദഗതിലൂടെ സർക്കാർ നടപ്പാക്കിയത്.
കേവലം സാമ്പത്തിക കാര്യങ്ങൾ നിരീക്ഷിക്കുന്നതിനപ്പുറം സംഘടനകളുടെ ആശയപ്രകടനങ്ങളെയും ആശയവിനിമയങ്ങളെയും നിരീക്ഷണത്തിലാക്കാനും സന്നദ്ധ മേഖലയെ പൂർണമായും ഇല്ലാതാക്കാനുമാണ് സർക്കാർ ഈ ചട്ടങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് വിവിധ ക്രൈസ്തവ സഭകളും പ്രതിപക്ഷ എം.പിമാരും ചൂണ്ടിക്കാട്ടി.
വിദേശ ധനസഹായം സ്വീകരിക്കുന്ന എൻ.ജി.ഒകൾ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന പുതിയ വ്യവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ക്രൈസ്തവ സംഘടനകൾ പറയുന്നു.
ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നിരിക്കെ, സംഘടനകളുടെ നിലപാടുകളെയും വീക്ഷണങ്ങളെയും പരിശോധിക്കാൻ മുതിരുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തകർക്കും. സർക്കാറിനെ വിമർശിക്കുന്ന സംഘടനകളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള പരോക്ഷമായ ഭീഷണിയാണിതെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചൂണ്ടിക്കാട്ടി. വ്യവസായം, ഖനനം തുടങ്ങിയ മേഖലകളിൽ ചട്ടങ്ങൾ ലഘൂകരിക്കുമ്പോൾ മാനുഷിക സേവന പ്രവർത്തനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഖേദകരമാണെന്ന് സഭ വ്യക്തമാക്കി.
ബജറ്റ് സമ്മേളനത്തിൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കേന്ദ്രം മാറ്റിവെച്ച ഭേദഗതികളാണ് ഇപ്പോൾ ചട്ടങ്ങളിലൂടെ പിൻവാതിലിലൂടെ നടപ്പിലാക്കുന്നതെന്നും സ്വതന്ത്ര എൻ.ജി.കളെ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഭയചകിതമായ പ്രതിധ്വനികളാക്കി മാറ്റാനാണ് ഈ ചട്ടങ്ങളെന്ന് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘മതപരിവർത്തനം ഒഴിവാക്കിക്കൊണ്ട്’ എന്ന പ്രയോഗം ഇന്ത്യൻ നിയമങ്ങളിലോ എഫ്.സി.ആർ.എ നിയമത്തിലോ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണ്. ഇത് ഉദ്യോഗസ്ഥർക്ക് സ്വന്തം താൽപര്യപ്രകാരം നിയമം ദുരുപയോഗം ചെയ്യാനും ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കാനും വഴിതുറക്കുമെന്നും ഇത് സന്നദ്ധ പ്രവർത്തനങ്ങളെ ഭയത്തിന്റെ നിഴലിലാക്കുമെന്നും സി.പി.എം എം.പി ജോൺ ബ്രിട്ടാസ് ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
കേന്ദ്ര നടപടിക്കെതിരെ ഡി.എം.കെ എം.പി പി. വിൽസന്റെ നേതൃത്വത്തിലുള്ള ജോയന്റ് ആക്ഷൻ ഫോറം ഒഫ് മൈനോറിറ്റീസ് ജൂൺ 28 ന് പ്രാർഥനാ ദിനമായും ജൂലൈ മൂന്നിന് രാജ്യവ്യാപക പ്രതിഷേധ ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

