കേന്ദ്രസർക്കാറിനെതിരെ ഓർത്തഡോക്സ് സഭ: ‘വിദേശ സംഭാവന ചട്ടഭേദഗതിയിലൂടെ മാനുഷിക സേവന പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നു’
text_fieldsകോട്ടയം: പുതിയ വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾക്കെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഓർത്തഡോക്സ് സഭ. സഭയുടെ പ്രവർത്തനങ്ങളും സാമ്പത്തിക സ്രോതസ്സുകളും സുതാര്യമാണെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും കോട്ടയം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
വ്യവസായങ്ങൾക്കും ഖനനത്തിനുമായി നിയമങ്ങൾ ലളിതവത്കരിക്കപ്പെടുമ്പോൾ മാനുഷികസേവന പ്രവർത്തനങ്ങൾക്ക് കർശനമായ ചട്ടങ്ങളിലൂടെ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണ്. രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായിട്ടാണ് സഭയുടെ വിദേശ സഹായ ഫണ്ടുകൾ വിനിയോഗിക്കുന്നത്. എന്നാൽ, ചട്ടങ്ങളിൽ പരിഷ്കാരം വരുത്തുംമുമ്പ് പ്രസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തണം. അത്തരം നടപടികളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
എഫ്.സി.ആർ.എയുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ വിവരങ്ങളും പബ്ലിക്കേഷനുകളുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ്. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള എല്ലാവിധ ക്രയവിക്രയങ്ങളും നിലവിൽ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, സാമ്പത്തിക ഓഡിറ്റിങ്ങിന് അപ്പുറം പ്രസ്ഥാനങ്ങളുടെ നിലപാടുകളെ ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ജനാധിപത്യസമൂഹത്തിന് ചേർന്നതല്ല.
സാങ്കേതികമായ ചെറിയ പിശകുകൾ സംഭവിച്ചാൽപ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള പുതിയ വ്യവസ്ഥകൾ പ്രസ്ഥാനങ്ങളെ തളർത്താൻ മാത്രമേ ഉപകരിക്കൂ. സഭക്ക് കീഴിൽ കേരളത്തിന് പുറത്ത് നടക്കുന്ന വിവിധ മിഷൻ പ്രവർത്തനങ്ങളെ ഈ പുതിയ ചട്ടങ്ങൾ പ്രതികൂലമായി ബാധിക്കും. സർക്കാറിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന പരോക്ഷ മുന്നറിയിപ്പാണോ ഇത്തരം നടപടികളിലൂടെ അധികൃതർ നൽകുന്നതെന്ന് സംശയിക്കാം.
രാജ്യത്തോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ക്രൈസ്തവ സഭകൾ നിരവധി ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഈ സേവനദൗത്യങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. എല്ലാവരെയും രാഷ്ട്രനിർമാണത്തിൽ പങ്കാളികളാക്കിയാൽ മാത്രമേ ദേശീയോദ്ഗ്രഥനം അർത്ഥപൂർണമാകൂ എന്നും ഇത്തരം നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും കോട്ടയം ഭദ്രാസനാധിപന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

