‘ആലിൻ ഇനിയും ജീവിക്കും, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ’; കുരുന്നിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ
text_fieldsകൊച്ചി: കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പുതുജീവൻ പകർന്ന് ലോകത്തോട് വിട പറഞ്ഞ കുഞ്ഞു മാലാഖയുടെ വിയോഗത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി നടൻ മോഹൻലാൽ. പത്തുമാസം മാത്രമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മനസ്സ് കാണിച്ച മാതാപിതാക്കൾ മനുഷ്യ സ്നേഹത്തിന്‍റെ മകുടോദാഹരണമാണെന്നും ലോകം തന്നെ നില നിൽക്കുന്നത് ഇതുപോലെയുള്ള നിസ്വാർഥ സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ആലിൻ ഇനി പ്രിയപ്പെട്ടവരുടെ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽക്കൂടിയും ജീവിക്കും എന്ന് പറഞ്ഞു കൊണ്ടാണ് വൈകാരികമായ കുറിപ്പ് അവസാനിക്കുന്നത്.
മോഹൻലാലിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം
തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.
റോഡപകടത്തിൽ പരിക്കേറ്റ് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ആലിന് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമറിയിക്കുകയായരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള ആറുമാസം പ്രായമുള്ള കുട്ടിക്കും വൃക്കകൾ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്കുമാണ് നൽകുന്നത്. ഹൃദയവാൽവ് ശ്രീചിത്രയിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

