യുക്രെയ്ൻ: ഇവിടെ എല്ലാം ശാന്തം; ശുഭാപ്തി വിശ്വാസത്തിൽ ഫാസും ഖാദറും
text_fieldsയുക്രെയ്നിലെ മെഡിക്കൽ വിദ്യാർഥികളായ പടന്നയിലെ ഫാസ് ഫൈസലും പി.സി. ഖാദറും
പടന്ന: റഷ്യൻ അധിനിവേശത്തോടെ യുദ്ധം ആരംഭിച്ച യുക്രെയ്നിൽ കുടുങ്ങിയവരെ ഓർത്ത് നാട്ടിലുള്ള ബന്ധുക്കൾ ആശങ്കയിലാണെങ്കിലും ശുഭാപ്തിവിശ്വാസം കൈവിടാതെ അവിടെ കഴിയുകയാണ് മെഡിക്കൽ വിദ്യാർഥികളായ പടന്നയിലെ ഫാസ് ഫൈസലും പി.സി. ഖാദറും.
തലസ്ഥാനമായ കിയവിൽ നിന്നും 500 കിലോമീറ്റർ ദൂരെ കിഴക്കൻ യുക്രെയ്നിലെ കാർക്കീവിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥികളാണ് ഇരുവരും. പടന്നയിലെ തന്നെ ഒന്നാം വർഷ വിദ്യാർഥി സനയും ഇവരുടെ കൂടെ പഠിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് വരെ ക്ലാസുകൾ സാധാരണ നിലയിൽ നടന്നിരുന്നു.
വ്യാഴാഴ്ച മുതൽ അവ മുടങ്ങിയിരിക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ നഗരം യുക്രെയ്ൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണിപ്പോൾ. അവശ്യ സാധനങ്ങളൊക്കെ ശേഖരിച്ച് വെച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന് യുദ്ധാന്തരീക്ഷം മാറി കാര്യങ്ങളൊക്കെ പഴയപടിയാകുമെന്നാണ് ഇവരുടെ വിശ്വാസം. സൗകര്യപ്പെടുമെങ്കിൽ നാട്ടിലേക്ക് വരാൻ എംബസി വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാട്ടിൽ നിന്നും നിരന്തര ഫോൺ വിളികളാണ്. ഇവർ നിൽക്കുന്ന ഇടം ശാന്തമാണെങ്കിലും ബന്ധുക്കൾ ആശങ്കയിലാണ്.
അയൽ രാജ്യങ്ങളായ റുമേനിയയും ഹംഗറിയും വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ സർക്കാറിന്റെ ശ്രമങ്ങളിലാണ് ബന്ധുക്കളുടെ പ്രതീക്ഷ.