ബിസ്മി പരിചരിച്ചു; അനുഗ്രഹ് സ്വന്തം കാലിൽ ജീവിതം തുടങ്ങി
text_fieldsകക്കോടി (കോഴിക്കോട്): ‘‘ഇനിയവൻ സ്വന്തം കാര്യങ്ങളൊക്കെ ചെയ്തോളും. ഇപ്പം ഒരു പ്രശ്നവുമില്ല. ഒറ്റക്ക് ഭക്ഷണം വാരിക്കഴിക്കുകയും നടക്കുകയും ചെയ്യും. അവൻ ഉഷാറായി’’-ഫാത്തിമ ബിസ്മിയുടെ വാക്കുകളിൽ കരുതലിെൻറയും സാേഹാദര്യത്തിെൻറയും സംതൃപ്തി. സ്വന്തം മകന് ജീവിതമില്ലെന്ന് കരുതിയ രക്ഷിതാക്കളിൽപോലും മാറ്റമുണ്ടാക്കിയ ബിസ്മിയുടെ സേവനപ്രവർത്തനം അസാധാരണമായിരുന്നു.
പറമ്പിൽ അബ്ദുറഹിമാൻ മെമ്മോറിയൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ബിസ്മിയുടെ പരിചരണത്തിലും ശ്രദ്ധയിലുമാണ് അതേ ക്ലാസിലെ അനുഗ്രഹിെൻറ പഠനവും ജീവിതവും. സെറിബ്രൽപാഴ്സി പിടിപെട്ട അനുഗ്രഹിനെ പിതാവ് മണികണ്ഠൻ എടുത്തുകൊണ്ടുവന്നാണ് ക്ലാസിൽ ഇരുത്തിയിരുന്നത്. മനസ്സും ശരീരവും തളർന്ന അനുഗ്രഹിനെ മാതാവ് സുധ പരിചരിക്കുന്നത് ഒന്നാംക്ലാസ് മുതൽ ബിസ്മി ശ്രദ്ധിച്ചിരുന്നു. ഒപ്പംകൂടിയ അവൾ പിന്നീട് അനുഗ്രഹിനെ പരിചരിക്കുന്നത് സ്വന്തം കടമയായി കരുതി. സ്കൂളിലെത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതുമൊഴിച്ചെല്ലാം നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു.
മാതൃവാത്സല്യത്തോടെ കുഞ്ഞിക്കൈയാൽ വർഷങ്ങളോളം ചോറുവാരി നൽകുകയും നടത്തിക്കുകയും ചെയ്ത ബിസ്മിപോലും അനുഗ്രഹിന് ഇത്രമാത്രം മാറ്റം പ്രതീക്ഷിച്ചില്ല. വെള്ളിയാഴ്ച ഇരുവരെയും കാണാനെത്തിയ കാതോലിക്ക ബാവ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ മെത്രാപ്പോലീത്തക്കൊപ്പം ഇരുന്ന് അനുഗ്രഹ് ഒറ്റക്ക് ഭക്ഷണം കഴിച്ചത് കണ്ടപ്പോൾ ബിസ്മിയുടെ ഉള്ളിലുയർന്ന ആഹ്ലാദത്തിന് അതിരില്ലായിരുന്നു. സ്നേഹവാത്സല്യങ്ങളോടെ ചേർത്തുനിർത്തിയപ്പോൾ അനുഗ്രഹിലുണ്ടായ മാറ്റം അവൾ അനുഭവിച്ചറിഞ്ഞു.
ബിസ്മിയുടെ സ്നേഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ അനുഗ്രഹിെൻറ നന്ദിപ്രകടനം ചിരിയിലും അവളുടെ കൈപിടിച്ചുള്ള നോട്ടത്തിലും ഒതുങ്ങി. എട്ടാം ക്ലാസിലേക്ക് രണ്ടുപേരും പയമ്പ്ര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ചേരാനാണ് തീരുമാനം. ബിസ്മിയുടെ കുഞ്ഞുമനസ്സിെൻറ വലിയ ഉത്തരവാദിത്തത്തിന് അംഗീകാരമായി രണ്ടര ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കാതോലിക്ക ബാവ പറഞ്ഞു. അനുഗ്രഹിെൻറ വീടിന്മേലുള്ള 2,80,000 രൂപയുടെ ബാങ്ക് വായ്പയും തീർക്കുമെന്ന് ബാവ അറിയിച്ചു.
റോഡ് സൗകര്യമില്ലാതിരുന്ന അനുഗ്രഹിെൻറ വീട്ടിലേക്ക് പ്രദേശവാസികളുടെയും സ്നേഹതീരം റെസിഡൻറ്സ് അസോസിയേഷെൻറയും ഗ്രാമപഞ്ചായത്തിെൻറയും നേതൃത്വത്തിൽ 200 മീറ്ററോളം റോഡ് വെട്ടിയിട്ടുണ്ട്. ഇരുവരുടെയും വീട് സന്ദർശിച്ച കാതോലിക്ക ബാവ ബിസ്മിയുടെ വീട്ടിലൊരുക്കിയ സദ്യ ഇവർക്കൊപ്പം കഴിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
