ആറുവയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പിതാവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ
text_fieldsകോഴിക്കോട്: ബാലുശേരിയില്‍ ആറു വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പിതാവിന്‍റെ സുഹൃത്തായ അയല്‍വാസിയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ പിതാവും സുഹൃത്തും മദ്യപിച്ച് വീട്ടിൽ എത്തി. കുട്ടിയുടെ അമ്മയുമായി വഴക്കുണ്ടായി. തുടർന്ന് അമ്മ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതോടെ പിതാവ് അമ്മയെ അന്വേഷിച്ചിറങ്ങി. ഇവർ തിരിച്ചെത്തിയപ്പോഴാണ് ആറ് വയസുള്ള മകള്‍ വീടിനുള്ളിൽ അവശനിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നാണ് കുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിയുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. പെൺകുട്ടി അബോധാവസ്ഥയിലായതിനാൽ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തുള്ള കരിങ്കല്‍ ക്വാറിയിലെ ജോലിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ക്വാറിക്ക് സമീപമാണ് ഇവര്‍ താമസിക്കുന്നത്.