അച്ഛൻ നിലത്തെറിഞ്ഞ കുഞ്ഞ് അപകടനില തരണം ചെയ്തു
text_fieldsചിറ്റാർ: അച്ഛൻ വിഷം നൽകി നിലത്തെറിഞ്ഞ ഒന്നരവയസ്സുകാരൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടനില തരണം ചെയ്തു. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പിതാവ് വിനോദിെൻറ നിലയും തൃപ്തികരമാണ്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂഴിയാർ നാൽപതേക്കറിൽ വനത്തിൽ താമസിക്കുന്ന സുധ-വിനോദ് ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ സുനിലിനെയാണ് പിതാവ് വിഷം നൽകിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞത്. തലയോട്ടിക്കും വലതുകൈക്കും പരിക്കേറ്റ കുട്ടിയെ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയോടൊപ്പം അമ്മ സുധയും ആശുപത്രിയിലുണ്ട്. എസ്.ടി പ്രമോട്ടർമാരും സഹായത്തിനുണ്ട്.
സംഭവശേഷം മൂഴിയാർ എസ്.ഐ സാബു ഹെൻട്രിയുടെ നേതൃത്വത്തിൽ വിനോദിനെ കസ്റ്റഡിയിലെടുത്തു. ഇയാളും വിഷം കഴിച്ചതായി അറിഞ്ഞതോടെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതോടെ വിനോദിനെ അറസ്റ്റ് ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന മൂഴിയാർ എസ്.ഐ പറഞ്ഞു.
