മകനെ തലക്കടിച്ചുകൊന്ന സംഭവം: പിതാവ് റിമാൻഡിൽ
text_fieldsശിവദാസൻ
പുൽപള്ളി: മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് റിമാൻഡിൽ. കല്ലുവയൽ കതവാക്കുന്നിൽ തെക്കേക്കര വീട്ടിൽ ശിവദാസിനെയാണ് (55) ഏകമകൻ അമൽദാസിനെ (22) കൊലപ്പെടുത്തിയ കേസിൽ സുൽത്താൻ ബത്തേരി കോടതി റിമാൻഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 11ന് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പുൽപള്ളി പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അമൽദാസും ശിവദാസനും മാത്രമാണ് വീട്ടിൽ താമസം. ഭാര്യ സരോജിനി തന്റെ അനുവാദമില്ലാതെ ഗോവയിൽ ഹോംനഴ്സ് ജോലിക്ക് പോയതും മൂത്തമകൾ കാവ്യയുമായി കബനിഗിരിയിലെ പിതാവിന്റെ വീട്ടിൽ താമസിക്കുന്നതും ശിവദാസിന് ഇഷ്ടമായിരുന്നില്ല. അവരുമായി ഒരു രീതിയിലും ബന്ധപ്പെടരുതെന്ന താക്കീത് ലംഘിച്ചതിനാലാണ് മകനെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് ശിവദാസൻ പൊലീസിന് മൊഴി നൽകി.
അമൽദാസിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അമൽദാസിനെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

