Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അത് എന്റെ മകന്റെ ശബ്ദം പോലെയില്ല, പൊലീസ് കസ്റ്റഡിയിലുള്ള ഫോണിൽനിന്ന് എങ്ങനെ പുറത്തുവന്നു?’ -കൊടുങ്ങല്ലൂരിൽ ജീവനൊടുക്കിയ 18കാരന്റെ പിതാവ്

text_fields
bookmark_border
‘അത് എന്റെ മകന്റെ ശബ്ദം പോലെയില്ല, പൊലീസ് കസ്റ്റഡിയിലുള്ള ഫോണിൽനിന്ന് എങ്ങനെ പുറത്തുവന്നു?’ -കൊടുങ്ങല്ലൂരിൽ ജീവനൊടുക്കിയ 18കാരന്റെ പിതാവ്
cancel

കൊടുങ്ങല്ലൂർ: പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊടുങ്ങല്ലൂരിലെ 18കാര​​ന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിനെതിരെ പിതാവ് നൗഷാദ്. അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ലെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘മകന്റെ വോയിസ്‌ എന്ന രീതിയിൽ ഒരു വോയ്‌സ് പുറത്ത് വന്നിരുന്നു. അത് കേട്ടപ്പോൾ എനിക്ക് എന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല. പല ചാനലുകളിലും എയർ ചെയ്യുന്നത് കാണാൻ ഇടയായി. ആ വോയ്‌സ് രണ്ട് ആൺകുട്ടികൾ തമ്മിലുള്ള സംസാരമാണെന്നാണ് എനിക്ക് മനസ്സിലായത്. ഒരു പെൺകുട്ടിക്ക് എതിരെയുള്ള ഭീഷണിയായി തോന്നിയില്ല. എന്റെ രണ്ട് മക്കളുടെയും ഫോണുകൾ 27 ആം തിയ്യതി മുതൽ പൊലീസ് കസ്റ്റഡിയിലാണ്. മകന്റെ ഫോണിൽ നിന്നാണ് ആ വോയ്‌സ് പുറത്ത് വന്നതെങ്കിൽ അവൻ ആർക്കാണ് അയച്ചതെന്ന് പൊലീസ് പുറത്ത് വിടണം. പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി എന്നും അറിയേണ്ടതുണ്ട്. അതിലെ തെളിവുകൾ പുറത്ത് വിട്ട് ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് എനിക്ക് അറിയേണ്ടതുണ്ട്’ -അദ്ദേഹം പറഞ്ഞു.

ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ ചോദിക്കും എന്ന് പറയുന്ന ശബ്ദസന്ദേശമാണ് ഇന്നലെ പ്രചരിച്ചത്. അസ്‍ലം സുഹൃത്തിന് അയച്ച സന്ദേശം എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇത് പിതാവ് നിഷേധിച്ചു. ‘തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത് അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല. എന്നിട്ട് പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം. ഇതുവരെയും ആരെയും കരിവാരി തേക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഞാൻ പോരാടുന്നത് ഇവിടെത്തെ പോലീസ് സിസ്റ്റത്തിന് എതിരെയാണ്. അത് എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് മാത്രം. നെടുമ്പാശ്ശേരിയിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ട ആ സാധുക്കളായ പെൺകുട്ടികൾക്ക് നേരെയും നെഗറ്റീവ് കമന്റ്കൾ ഇടുന്ന ആളുകളെവരെ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിഞ്ഞു. ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള പാതയിലാണ്. പിന്തിരിഞ്ഞു നോക്കാൻ എനിക്ക് സമയമില്ല. ഇനി നിങ്ങൾക്ക് എന്റെ രക്തമാണ് ആവിശ്യമെങ്കിൽ ഈ ഓട്ടത്തിന്റെ അവസാനം ഞാൻ എന്റെ ചോര കുപ്പിയിൽ പകർത്തി നിങ്ങൾക്ക് തരാം’ -അദ്ദേഹം പറഞ്ഞു.

മരണപ്പെട്ട കുഞ്ഞിന്റെ മൊബൈൽ ഫോൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ ആണെന്നിരിക്കെ ആ ഫോണിലെ ഓഡിയോ, വീഡിയോ എല്ലാം‌ തന്നെ പൊലീസ്‌ തങ്ങളുടെ ക്രൂരതക്ക്‌ മറപിടിക്കാൻ/ വെളുപ്പിക്കാൻ പുറത്ത്‌ വിട്ട്‌ കൊണ്ടിരിക്കുകയാണെന്ന് അഡ്വ. ശ്രീജിത് ​പെരുമന ആരോപിച്ചു.

‘പൊലീസും മറുകുടുംബവും ആരോപിക്കുന്നത് പോലെ കുട്ടികൾ തെറ്റ്‌ ചെയ്തോ എന്നതല്ല ഇപ്പോഴത്തെ ചർച്ചയുടെ കാതൽ. അത്‌ പോലീസ്‌ അന്വോഷിക്കേണ്ടത്‌ തന്നെയാണ്. ആ കുട്ടിയെ ആത്മഹത്യയിലേക്ക്‌ നയിച്ച കാരണങ്ങളും സാഹചര്യവുമാണ് ചർച്ച. അതനുസരിച്ച്‌ എന്ത്‌ തന്നെയായാലും പോലീസ്‌ മറുപടി പറയേണ്ട ചോദ്യങ്ങൾ ബാക്കിയാണ്‌.

1. എന്തിൻ ഈ കുട്ടികളെ മൂന്ന് ദിവസം അന്യായമായി പോലീസ്‌ കസ്റ്റഡിയിൽ വെച്ചു. അത്‌ നിയമം അനുവദിക്കുന്നില്ല.

2. എല്ലാ തെളിവുകളും പൊലീസിന്‌ കിട്ടിയെങ്കിൽ എന്തിന്‌ ഇവരെ തല്ലി ചതക്കണം?

3. മൂന്ന് ദിവസം കസ്റ്റഡിയിൽ വെച്ചിട്ട്‌ കോടതിയിൽ ഹാജരാക്കുമ്പോൾ പിതാവിനെ കൊണ്ട്‌ തെറ്റായി (ഇന്നലെ കസ്റ്റഡിയി എടുത്ത്‌ എന്ന് പറഞ്ഞ്‌ കൊണ്ട്‌) ഒപ്പ്‌ വെപ്പിച്ചു?

4. ഇളയ കുട്ടിയെ അല്ലേ പൊലീസ്‌ ആദ്യം പൊക്കിയത്‌. അവനെ ക്രൂരമായി പീഡിപ്പിക്കുന്നത്‌ കണ്ടിട്ടാണ്‌ മൂത്തയാൾ കുറ്റം ഏൽക്കുന്നത്‌ എന്ന് പിതാവ്‌ പറയുന്നു. ഇവിടെ പൊലീസിന്റെ ഭാഷ്യത്തിൽ ആരാണ്‌ കുറ്റം ചെയ്ത കുട്ടി? ഇളയവനാണെങ്കിൽ, മൂത്തയാൾ കുറ്റം ഏറ്റാൽ വെച്ച്‌ മാറൽ പരിപാടി പൊലീസ്‌ ചെയ്യാൻ പാടുണ്ടോ? മൂത്തയാളാണെങ്കിൽ അയാളെ പിടിക്കുന്നത്ന്‌ പകരം ഇളയ ആളെ എന്തിന്‌ പൊലീസ്‌ ആദ്യം പിടിച്ചു? ഇളയവനെ വിട്ട്‌ കിട്ടാനല്ലേ മൂത്തയാൾ പൊലീസ്‌ സ്റ്റേഷനിൽ എത്തുന്നത്‌? പൊലീസ്‌ ഭാഷ്യം ഒന്നും അങ്ങട്ട്‌ ഒത്ത്‌ വരുന്നില്ല!

5. മരണപ്പെട്ട കുട്ടിയുടെ ബ്ലാക്ക്‌ മെയിൽ ഓഡിയോ ആണല്ലോ ഇപ്പോൾ പുറത്ത്‌ വന്നത്‌. അത്‌ ശരിയാണെങ്കിൽ പൊലീസ്‌ എന്തിന്‌ ഇളയ കുട്ടിയെ വിട്ട്‌ മുതിർന്നവനെ ജയിൽ വെച്ചു?’ -ശ്രീജിത്ത് പെരുമന ചോദിച്ചു.

പിതാവിന്റെ ഫേസ്ബുക് കുറിപ്പിൽ നിന്ന്:

പ്രിയ സുഹൃത്തുക്കളെ, 13-10-2026 ൽ എന്റെ മകൻ മരണപ്പെട്ടതുമായി ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. അത് എന്റെ ബോധ്യങ്ങളാണ്. അത് എന്റെ സത്യങ്ങളാണ്. ആരുടേയും പ്രേരണ കൊണ്ടോ ആരുടേയും വാക്കുകൾ കടമെടുത്തുകൊണ്ടോ ഞാൻ കുറിച്ചതല്ല....

ഇന്ന് ഞാൻ വളരെ തിരക്കിലായിരുന്നു. എന്റെ മക്കൾക് നീതി കിട്ടാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. ആ ഓട്ടത്തിനിടയിൽ എനിക്കും ഭാര്യക്കും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിച്ചില്ല. രാത്രി 9:30 മണി കഴിഞ്ഞു ഞങ്ങൾ വീട്ടിൽ വന്നു കയറിയപ്പോൾ അതിനിടയിൽ പല ആളുകളും എന്നെ ഫോണിൽ ബന്ധപെട്ടിരുന്നു. പലരുടെയും കോളുകളും എനിക്ക് അവഗണിക്കേണ്ടതായി വന്നു. അതിൽ നിങ്ങൾ എന്നോട് വിഷമം തോന്നരുത്. എന്റെ മുന്നിൽ ലക്ഷ്യം മാത്രേയുള്ളു.ഞാൻ പോരാടുന്നത് വലിയൊരു സിസ്റ്റത്തിനോടാണ്. എന്റെ ഭാഗത്ത് ഞാൻ മാത്രമേയുള്ളു ഈ ഓട്ടത്തിൽ ഒരു പക്ഷേ ഞാൻ വീണ് പോയേക്കാം അതുവരെ എനിക്ക് ഓടിയെ തീരു....

ഇന്ന് മകന്റെ വോയിസ്‌ എന്ന രീതിയിൽ ഒരു വോയ്‌സ് പുറത്ത് വന്നിരുന്നു അത് കേട്ടപ്പോൾ എനിക്ക് എന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല. പല ചാനലുകളിലും എയർ ചെയ്യുന്നത് കാണാൻ ഇടയായി.

ആ വോയ്‌സ് കേട്ടപ്പോൾ ഒരു പെൺകുട്ടിക്ക് എതിരെയുള്ള ഭിഷണിയായി എനിക്ക് തോന്നിയില്ല രണ്ട് ആൺകുട്ടികൾ തമ്മിലുള്ള സംസാരമാണെന്ന് എനിക്ക് മനസ്സിലായത്..

പിന്നെ എന്റെ രണ്ട് മക്കളുടെയും ഫോണുകൾ 27 ആം തിയ്യതി മുതൽ പോലീസ് കസ്റ്റഡിയിലാണ് മകന്റെ ഫോണിൽ നിന്നാണ് ആ വോയ്‌സ് പുറത്ത് വന്നതെങ്കിൽ അവൻ ആർക്കാണ് അയച്ചതെന്ന് പോലീസ് പുറത്ത് വിടണം. പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലിക്കായി എന്നും അറിയേണ്ടതുണ്ട് അതിലെ തെളിവുകൾ പുറത്ത് വിട്ട് ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് എനിക്ക് അറിയേണ്ടതുണ്ട്.

ഇതിനോട് അനുബന്ധിച്ചു പല കമന്റ്‌കൾ വായിക്കാൻ ഇടയായി പോലീസിന് നേരെ ഇനി കളിച്ചാൽ പലതും പുറത്ത് വിടുമെന്ന് ഒരുത്തൻ പറയുന്നു. എനിക്ക് പറയുവാൻ ഉള്ളത് തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത് അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല. എന്നിട്ട് പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം.

ഒരാൾ പറയുന്നു ഞാൻ ആ പോസ്റ്റ്‌ മുക്കി ഓടിയെന്ന് ബ്രോ അത് അവിടെത്തന്നെയുണ്ട്. ഇതുവരെയും ആരെയും കരിവാരി തേക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല ഞാൻ പോരാടുന്നത് ഇവിടെത്തെ പോലീസ് സിസ്റ്റത്തിന് എതിരെയാണ് അത് എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് മാത്രം...

നെടുംബശ്ശേരിയിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ട ആ സാധുക്കളായ പെൺകുട്ടികൾക്ക് നേരെയും നെഗറ്റീവ് കമന്റ്കൾ ഇടുന്ന ആളുകളെവരെ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിഞ്ഞു. എന്തിന് എന്റെ പ്രൊഫൈലിൽ കയറി എന്റെ ഫോട്ടോ ഡൌൺലോഡ് ചെയ്ത് പരസ്യമായി പോസ്റ്റ്‌ ഇട്ട ആളുകളെ വരെ എനിക്ക് കാണാൻ സാധിച്ചു....

ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള പാതയിലാണ് പിന്തിരിഞ്ഞു നോക്കാൻ എനിക്ക് സമയമില്ല. ഇനി നിങ്ങൾക്ക് എന്റെ രക്തമാണ് ആവിശ്യമെങ്കിൽ ഈ ഓട്ടത്തിന്റെ അവസാനം ഞാൻ എന്റെ ചോര കുപ്പിയിൽ പകർത്തി നിങ്ങൾക്ക് തരാം മതിവരുവോളം അത് കുടിക്കുക. നരേറ്റീവ് കമന്റ്‌കൾക്ക് പുറകെ പോകാൻ എനിക്ക് സമയമില്ല സോറി....

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Father questions voice clip from phone in custody after son's death
Next Story