Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതി അഷ്‌കര്‍...

പ്രതി അഷ്‌കര്‍ കൊടുംക്രൂരനെന്ന് ആദ്യഭാര്യയുടെ പിതാവ്; സഹോദരന്റെ മരണത്തിലും സംശയം

text_fields
bookmark_border
പ്രതി അഷ്‌കര്‍ കൊടുംക്രൂരനെന്ന് ആദ്യഭാര്യയുടെ പിതാവ്; സഹോദരന്റെ മരണത്തിലും സംശയം
cancel

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ മർദിച്ചുകൊന്ന കേസിലെ പ്രതി അഷ്‌കർ കൊടുംക്രൂരനാണെന്ന് ആദ്യഭാര്യ ആമിനയുടെ പിതാവ് ഷെറീഫ്. ആമിനയുടെ സഹോദരൻ മുഹമ്മദിന്റെ (15) മരണത്തിൽ അഷ്‌കർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് മുഹമ്മദിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇക്കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബത്തെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണയോട് ഷെറീഫ് ആവശ്യപ്പെട്ടു.

‘നീന്താൻ അറിയാവുന്നവനാണ് മുഹമ്മദ്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല. എന്നാൽ, എന്നെയും മകനെയും വണ്ടികയറ്റി കൊല്ലുമെന്ന് അഷ്‌കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്കൂളിൽ ചെന്ന് മകനെ വിരട്ടി.

എന്റെ ഭാര്യയെ ആശുപത്രിയിൽ വെച്ച് അഷ്‌കർ മർദിക്കുകയും സെക്യൂരിറ്റി ജീവനക്കാർ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഷ്‌കറും അമ്മയും സഹോദരനും ചേർന്ന് മകളെ ക്രൂരമായി മർദിക്കാറുണ്ട്. ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ അവൾ ചോരയിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്’ -ഷെറീഫ് പറഞ്ഞു.

തങ്ങളുടെ കൈവശമുള്ള പത്ത് സെന്റ് വസ്തു എഴുതിവാങ്ങാനും തങ്ങളെ പുറത്താക്കാനുമായിരുന്നു അഷ്‌കറിന്റെ ശ്രമം. പെണ്ണുങ്ങളുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടുന്നതാണ് ഇയാളുടെ സ്വഭാവം. അഷ്‌കറിനെതിരെ ആറുമാസം മുമ്പ് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ കാര്യങ്ങളിലും നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഷെറീഫ് പറഞ്ഞു.

ആമിനയുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് അഷ്‌കർ അഖിലയുമായി അടുത്തത്. അഖിലയുടെ ഒന്നര വയസ്സുകാരനായ മകൻ അർഷിദിനെ ക്രൂരമായി മർദിച്ചുകൊന്ന കേസിൽ അഷ്‌കർ ഇപ്പോൾ അറസ്റ്റിലാണ്.

അഷ്‌കറിനെതിരായ പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

ഇക്കാര്യമാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ സമീപിക്കും. ആമിനയുടെ ചികിത്സാസഹായം സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്നും കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbusenedumangadMurder Case
News Summary - Father-in-Law Calls Nedumangad Child Murder Accused Ashkar ‘Extremely Cruel’
Next Story