കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചു; പി.പി.ഇ കിറ്റ് ധരിച്ച് മകൾ പരീക്ഷ എഴുതി
text_fieldsപി.പി.ഇ കിറ്റ് ധരിച്ച് വിദ്യാർഥിനി എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നു
മാവേലിക്കര: കോവിഡ് ബാധിതനായി അച്ഛൻ മരിച്ചു, വേദനയോടെ കോവിഡ് ബാധിതയായ മകൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ചെട്ടികുളങ്ങര കൈതവടക്ക് ചെമ്പോലിൽ രാമനിലയം ആർ. ജയചന്ദ്രനാണ് (45) കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു.
വീട്ടിൽ ക്വാറൻറീനിൽ ഇരുന്ന വിദ്യാർഥിനി പി.പി.ഇ കിറ്റ് ധരിച്ചെത്തി ചെട്ടികുളങ്ങര എച്ച്.എസ്.എസിലാണ് സാമൂഹികശാസ്ത്രം പരീക്ഷ എഴുതിയത്. ചെട്ടികുളങ്ങര പഞ്ചായത്ത് അംഗം എസ്.ശ്രീജിത്, ചെട്ടികുളങ്ങര എച്ച്. എസ്.എസ് പ്രഥമ അധ്യാപിക എസ്.രാജശ്രീ, ക്ലാസ് ടീച്ചർ പി.ജെ. ലക്ഷ്മി, പി.ടി.എ പ്രസിഡൻറ് ഗോപൻ ഗോകുലം, സ്റ്റാഫും ബന്ധുവുമായ ദേവീദാസൻ എന്നിവർ സ്നേഹപൂർവം നിർബന്ധിച്ചാണ് പരീക്ഷക്കെത്തിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജയചന്ദ്രെൻറ സംസ്കാരം നടത്തി. ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിചരിക്കാനെത്തിയ ഭാര്യ മായക്കും കോവിഡ് സ്ഥിരീകരിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു.

